പ്രീയയുടെ പേജ്





റോങ്ങ് ഡിസിഷന്‍


Priya Raj

'പേള്‍ വ്യൂ റീ ജെന്‍സി' യി ലേക്കുള്ള യാത്രയില്‍ താര തീര്‍ത്തും നിശബ്ദ യായിരുന്നു. പുതുമണം മാറാത്ത ' സാന്‍ട്രോ ' യുടെ സീറ്റില്‍ ചാരിയിരുന്ന് റോഡിലേക്ക് കണ്ണുകളയച്ചിരിക്കുന്ന അവളെ കാണുമ്പോള്‍ കുഞ്ഞു നാളില്‍ തന്‍റെ മടിയില്‍ മാറോട്ചേര്‍ന്നിരുന്നു ലോകം കാണുന്ന കുഞ്ഞുതാരയെയാണ് രാധികയ്ക്ക് ഓര്‍മ്മ വന്നത് .
റോഡ്‌ പൊതുവെ വിജനമായിരുന്നു . ആരോടൊക്കെയോ , എന്തിനോടൊക്കെയോ പ്രതിഷേധം തീര്‍ക്കാനെന്നോണം കത്തിയെരിയുന്ന ആദിത്യന്‍ മാനത്തിന്റെ ഉച്ചി യിലെത്തിയിരിക്കുന്നു.
സ്റ്റീരിയോ യില്‍നിന്നൊഴുകിയെത്തുന്ന ഹരിജി യുടെ ഗസലുകള്‍ താര കേള്‍ക്കുന്നുണ്ടോ എന്നുപോലും രാധികയ്‌ക്ക് സംശയം തോന്നി . മുന്‍പാണെങ്കില്‍ ആ ഗസലുകളുടെ മുഴുവന്‍ ശ്രവണ സുഖവും നഷ്ട്ടപ്പെടുത്തി അവളും കൂടെ പാടുമായിരുന്നു. അതും ഉറക്കെയുറക്കെ , താളവും, ലയവുമില്ലാതെ , ഡാഡിയെ ദേഷ്യം പിടിപ്പിക്കാനായി മാത്രം!
പക്ഷെ ഇപ്പോള്‍..................
പുറകിലേക്ക് മറയുന്ന ദ്രിശ്യ ങ്ങളിലേക്ക് കണ്ണുകളുടക്കിയിരിക്കുമ്പോഴും അവയൊന്നും താരയുടെ മനസ്സില്‍ പതിയുന്നില്ലെന്ന്‍ രാധികയ്ക്ക് തോന്നി.


താരയുടെ മനസ്സ്‌ തനിക്കെല്ലാതെ മറ്റാര്‍ക്കാണ് കാണാനാവുക!


രണ്ട് മാസങ്ങള്‍ക്ക്‌ മുന്‍പ്‌ ആകസ്മികമായെ ത്തിയ മൃത്യുവിന്റെ കൂടെ പോകുമ്പോള്‍ താന്‍ ഏകയായി നിറവേറ്റെണ്ട ചുമതലകളും മോഹന്‍ തനിക്ക് കൈമാറുകയായിരുന്നു.
അതിന്റെ ആദ്യ പടിതന്നെയാണ് ഈ യാത്രയും. മോഹന്‍ കൂടെയില്ലാത്ത രണ്ടുമാസ ങ്ങള്‍ക്ക് ശേഷം ആദ്യമായി............ തന്‍റെ മോള്‍ക്ക്‌ വേണ്ടി മാത്രം.
സിറ്റി യിലെ സ്റ്റാര്‍ ഹോട്ടല്‍ആയ 'പേള്‍ വ്യൂ 'വിന്റെ ഗേറ്റ് തുറന്നു തരുമ്പോള്‍ അതികായനായ സെക്യൂരിറ്റി ഗാര്‍ഡിന്റെ കണ്ണുകളില്‍ പരിചയഭാവം നിഴലിച്ചു . മുന്‍പ് ലീവിന് നാട്ടില്‍ വന്നപ്പോള്‍ നാലോ , അഞ്ചോ തവണ ഇവിടെ വന്നിട്ടുണ്ട് . ഇന്നിപ്പോള്‍ ആദ്യമായി മോഹനില്ലാതെ ..............
ലോണിനോട്‌ ചേര്‍ന്നുള്ള പാര്‍ക്കിംഗ് ഏരിയായില്‍ കാര്‍ പാര്‍ക്ക്‌ ചെയ്ത് ഹോട്ടല്‍ലിലേക്ക് നടക്കുമ്പോള്‍ , ഓറഞ്ച്ജ് നിറമുള്ള വര്‍ണ്ണകല്ലുകള്‍ പതിച്ച ചുരിദാറില്‍ ഉച്ചവെയിലില്‍ ഭൂമിയിലെക്കിറങ്ങി വന്ന ഒരു നക്ഷത്രമായി തന്റെ താര................
ഹോട്ടല്‍ലിനക ത്തെ റെസ്റ്റൊറന്റില്‍ ഇരിക്കുമ്പോഴും താര നിശബ്ദയായിരുന്നു. അവള്‍ക്കിഷ്ട്ട പ്പെട്ട വിഭവങ്ങളെല്ലാം ഓര്‍ഡര്‍ ചെയ്തു കാത്തിരിക്കുമ്പോള്‍ ഇടയില്‍ ഉറഞ്ഞു കൂടിയ മൌനത്തെ തല്ലിയുടച്ചു കൊണ്ട് തന്റെ വാക്കുകള്‍ ചിതറി വീണു.
 "ടെല്‍ മീ താരാ, വാട്സ് ബോതെരിംഗ് യൂ "?
ഡൈനിങ്ങ്‌ ടേബിള്‍ അറേഞ്ച്മെന്റിലെ വിടരാന്‍ വെമ്പുന്ന മഞ്ഞ റോസാമുകുളങ്ങളെ മൃദുവായി തലോടിക്കൊണ്ട് താര പതുക്കെ പറഞ്ഞു. " നതിംഗ് , നതിംഗ് മമ്മീ."
"ദന്‍ വൈ യു ബീഹെവ്‌ ലൈക്‌ ദിസ്‌ "? ഈ ഔട്ട്ട്ടിംഗ് പോലും നിനക്ക് വേണ്ടിയല്ലേ? എന്നിട്ടും നീ"...........
തുമ്പപ്പൂവിന്റെ വെണ്മയെ വെല്ലുന്ന ശുഭ്ര വസ്ത്രമണിഞ്ഞ വെയ്ട്ടറുടെ ആഗമനം സംഭാഷണത്തെ മുറിച്ചു.
 തനിക്കേറെ ഇഷ്ട്ടപ്പെട്ട ചൈനീസ് ഡിഷ്‌ സ്പൂണും ഫോര്‍കും കൊണ്ട് കുത്തി മറിചിട്ട് താര ഇരുന്നു. ചിക്കന്‍ സൂപ്പില്‍ സ്പൂണിട്ടിളക്കി കഴിച്ചെന്നുവരുത്തി എഴുന്നേറ്റ്‌ കൈകഴുകുന്ന താരക്ക് പിന്നാലെ , ഊണ് മതിയാക്കി എഴുന്നേല്‍ക്കുമ്പോള്‍ ശരിക്കും ദേഷ്യം വരാന്‍ തുടങ്ങിയിരുന്നു.
 ബില്‍ പേ ചെയ്ത് കാറില്‍ കയറുമ്പോഴേക്കും താര സീറ്റില്‍ സ്ഥാനം പിടിച്ചിരുന്നു.
താരയെ അഭിമുഖീകരിക്കാന്‍ ഉള്ളില്‍ ഇരമ്പിവന്ന ദേഷ്യം അനുവദിച്ചില്ലെങ്കിലും അനിഷ്ട്ടം വാക്കുകളായി പുറത്തുവന്നു.
"നിനക്കറിയില്ല താരാ, ഒരു നേരത്തെ ഭക്ഷണത്തിന്റെ വില. അല്ല, നിന്നെ അറിയിച്ചിട്ടില്ല ഒന്നും . പക്ഷെ എനിക്ക് .............."
പൂര്‍ത്തിയാക്കുന്നതിനുമുന്‍പ് അപ്രതീക്ഷിതമായി താര പറഞ്ഞു." യെസ് മമ്മീ, ഐ നോ . ഐ നോ വെരി വെല്‍ ദാറ്റ്‌ യു ഹാഡ്‌ സഫേട് എ ലോട്ട് . സോ യു ഗെയ്വ്‌ മീ എവെരി തിംഗ് ഐ നീടെഡ് . എവെരി തിംഗ് ഐ വിഷ് ഡ ."
"ബട്ട്‌ യൂ നോ മമ്മീ ......ഡാഡിയുടെ സപരെഷന്‍ , അത് മമ്മിയിലുണ്ടാക്കിയ ഷോക്ക്‌ ...........ഐ നോ ദാറ്റ്‌ വെരി വെല്‍. സോ ഐ ട്രൈട് ടു കണ്‍സോള്‍ യൂ. ബട്ട്‌............ഐ ഡോണ്ട് ഹാവ്‌ എനി സിബിലിംഗ്സ് ടു കണ്‍സോള്‍ മീ. യു ഡിഡിന്‍റ് ഗിവ് മീ വണ്‍. യു ഡിഡി ന്‍റ് ................"
ഇടറിയ വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന് ഭയന്നിട്ടെന്നപോലെ താര നിര്‍ത്തി.
മുന്നിലെ കാഴ്ചയെ മറച്ചു കൊണ്ട് കിനിഞ്ഞിറങ്ങിയ അശ്രഉ ക്കള്‍ അനുവാദത്തിന് കാത്തുനില്‍ക്കാതെ ഒഴുകിയിരങ്ങിയത് സ്മരിക്കാന്‍ പോലും വെറുത്ത അരിഷ്ട്ടതകളുടെ മാത്രം, വരണ്ട, ബാല്യകൌമാരങ്ങളിലെക്കായിരുന്നു.
 പാതിമുറിച്ചു കിട്ടുന്ന സ്ലേറ്റ്‌പെന്‍സിലിനപ്പുറം മറ്റൊന്നും സ്വപ്നം കാണാത്ത , തേഞ്ഞുതീരാറായ കടലാസുപെന്‍സില്‍ മുറുകെ പിടിച്ച് തള്ള വിരലും ചൂണ്ടുവിരലും വേദനിച്ച പ്രൈമറി ക്ലാസിലെ ദിനങ്ങള്‍...........
ഒരു മഷിപേനയാല്‍ വര്‍ഷം മുഴുവന്‍ തികയ്ക്കാന്‍ ബാധ്യതപ്പെട്ട ഹൈസ്കൂള്‍ നാളുകള്‍.................
പിന്നെ..........എപ്പോഴും ബന്ധുക്കള്‍ ദാനം തന്നിരുന്ന ചേച്ചിമാര്‍ ഉപയയോഗിച്ചുകഴിഞ്ഞ സാരികള്‍ രൂപമാറ്റം വരുത്തി നീളന്‍ പാവാടയാക്കി ഉടുത്ത്‌നടന്നിരുന്ന കോളേജ്‌ ദിനങ്ങള്‍..........................
തോടിനുള്ളിലേക്ക് ഉള്‍വലിയുന്നൊരു ആമയെപ്പോലെ അപകര്‍ഷതാബോധം തന്നിലേക്കുതന്നെ ഉള്‍വലിയാന്‍ പ്രേരിതമാക്കിയ ബി.സ്സ്.സി. ക്ലാസിലെ സമ്പന്നരായ സതീര്‍ ത്ഥ്യര്‍ക്കിടയിലെ കോളേജിലെ ദിനങ്ങള്‍.................
വിരലിലെണ്ണാവുന്ന കൂടപ്പിറപ്പുകളുടെ വിശേഷങ്ങള്‍ അവര്‍ പങ്കുവെയ്ക്കുമ്പോള്‍ , എണ്ണത്തില്‍ ഇരുകൈ വിരലുകള്‍ക്കും അപ്പുറം നില്‍ക്കുന്ന തന്‍റെ കുടുംബത്തെയോര്ത്‌ എന്നും ലജ്ജിച്ചിരുന്നു.
കോടി മണക്കുന്ന ദാവണികളും , കാമ്പസ്സില്‍ പുതു തരംഗം തീര്‍ത്ത സല്‍വാര്‍ കമ്മീസും കൂട്ടുകാരികളുടെ മേനിയെ അലങ്കരിക്കുന്ന ദിനങ്ങളില്‍ , ശപിച്ചിരുന്നു , ഇല്ലായ്മകളിലേക്ക് എണ്ണമറ്റ മക്കളെ തള്ളിവിട്ട അച്ഛനമ്മമാരെ ; തനിച്ചായിരുന്നെങ്കില്‍ ഒന്നിനും പങ്കാളികളാക്കെണ്ടായിരുന്ന കൂടപ്പിറപ്പുക ളെ ; പിന്നെ അനുഭവ യോഗമില്ലാത്ത തന്‍റെ ജന്മത്തെയും!
ജാതകവൈശിഷ്ട്യവും , വിദ്യാഭ്യാസവും മാത്രം പരിഗണിച് അച്ഛ് ന്‍ കണ്ടത്തിയ വധുവിനെ തിരസ്ക്കരിക്കാന്‍ മോഹന് കഴിയില്ലായിരുന്നു. ഏതോ തലമുറയിലെ സൗന്ദര്യം തനിക്ക് പകര്‍ന്നുകിട്ടിയതും മോഹന്‍ പിന്തിരിയാതിരിക്കാനുള്ള ഒരു കാരണമാവാം.
രണ്ടു പതിറ്റാണ്ട് കള്‍ക്ക് ‍മുന്‍പ്‌ മണലാരണ്യത്തിലേക്ക്‌ മോഹനോടൊപ്പം കുടിയേറുംബോള്‍ ഭാവിജീവിതത്തിന്റെ , നോക്കെത്താത്ത നടവഴിയുടെ നിര്‍മ്മാണം താന്‍ മനസ്സില്‍ തുടങ്ങിക്കഴിഞ്ഞിരുന്നു.


മള്‍ട്ടിനാഷണല്‍ കമ്പനിയിലെ ഉന്നതഉദ്യോഗസ്ഥനായ മോഹന്‍ ഔദ്യോഗിക കാര്യങ്ങളില്‍ മുഴുകാന്‍ തുടങ്ങിയപ്പോള്‍ പിന്നെ തനിക്ക്‌ കൂട്ടായി വന്നത് താര.
 ആകസ്മികമായെത്തി, മേലാസകലം ധൂളി പൊതിയുന്ന പൊടിക്കാറ്റില്‍ കണ്ണുകള്‍ അടയുന്നതുപോലെ , മണലാരണ്യത്തില്‍ തന്നെ പൊതിഞ്ഞ സമ്പന്നതയുടെ ഭാഗ്യദിനങ്ങളില്‍ യാഥാ ത്യത്തിനുനേരെ കണ്ണുകളടച്ച് താനെടുത്ത തീരുമാനം തെറ്റിയോ ?
പുത്തനുടുപ്പുകളും ,നാനാവിധ കളിപ്പാട്ടങ്ങളും വൈവിധ്യ മാര്‍ന്ന ഭക്ഷണവും , മുന്തിയ വിദ്യാഭ്യാസവും നേടി താര വളരുമ്പോള്‍ , ഇന്നുവരെ താന്‍ ശരിയെന്നു ധരിച്ചിരുന്ന ഒരു തീരുമാനവും മനസ്സിലെടുത്തിരുന്നു.


ഈ സൌഭാഗ്യമെല്ലാം താരക്ക് മാത്രം മതി.മറ്റൊരവകാ ശിയില്ലാതെ, സമ്പന്നതയുടെ മടിതട്ടിലാവണ്ണം എന്നും തന്‍റെ മകള്‍!
തന്‍റെ തീരുമാനം കേട്ട് ശരിയെന്നോ, തെറ്റെന്നോ പറയാതെ വീണ്ടും ഫയലുകളിലേക്ക് മുഖം പൂഴ്തിയിരുന്ന മോഹന്‍റെ മുഖം ഇന്നലെയെന്നപോലെ മനസ്സില്‍ തെളിയുന്നൂ.


തന്‍റെ ഇന്ഗിതത്തെ എതിര്‍ക്കാതെ അന്ന് മോഹന്‍ കാണിച്ച നിസ്സംഗത തന്‍റെ തീരുമാനത്തിനുള്ള പിന്ബലമായിട്ടാണ് ഇന്നും കരുതുന്നത് .പക്ഷെ താര...........
തന്‍റെ ഇച്ച്ചാനുസരണം പാത്രങ്ങള്‍ മെനെഞ്ഞുടുക്കുന്ന കുശ വന്റെ കൈയിലെ കളിമണ്ണ് പോലെയായിരുന്നു തനിക്കെന്നും തന്‍റെ മകള്‍ .
മകളെന്ന നിലയില്‍ എന്നും തങ്ങള്‍ക്കഭിമാനമായിരുന്നു താര. സുഹൃത്സദസ്സുകളില്‍ , സ്കൂളില്‍ എല്ലാം..........ഇന്റര്‍ നാഷന്നല്‍ സ്കൂളില്‍ നിന്ന് ഉയര്‍ന്ന മാര്‍ക്കോടെ സെക്കണ്ടറി വിജയം. ഇപ്പോള്‍ നാട്ടില്‍ , കോളേജില്‍ തങ്ങളുടെ റാങ്ക് പ്രതീക്ഷ യെന്നു അധ്യാപകര്‍ പറയുന്ന തന്‍റെ പൊന്നുമോള്‍.


പിന്നെ വര്‍ഷങ്ങളായി താന്‍ ഒരുക്കിയെടുതുകൊണ്ടിരിക്കുകയാണ് , സിവില്‍ സര്‍വീസില്‍ ഒരു സ്ഥാനമെന്ന തന്‍റെ ലക്‌ഷ്യം നിറവേറ്റാനായി.അതും തന്‍റെ മോള്‍ സാധിച്ചുതരും. ഉറപ്പാണ്.
പക്ഷേ, തനിക്കൊരിക്കലും നിറവേറ്റികൊടുക്കാന്‍ കഴിയാത്ത തന്‍റെ മോളുടെ ആഗ്രഹം ..................
പരിചിതപഥങ്ങളിലൂടെ സഞ്ചരിച് ലക്ഷ്യസ്ഥാനത്തെത്തിയ അശ്വത്തെപ്പോലെ കാര്‍ വീടിന് മുന്നിലെത്തിയിരിക്കുന്നു .
കാറില്‍നിന്ന്‌ഇറങ്ങി ഗേറ്റ് തുറന്ന്‍ താര കാത്തു നിന്നു. വീണ്ടും ഗേറ്റടക്കന്‍ .
പോര്‍ച്ചില്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങമ്പോഴേക്കും മുന്‍ വാതില്‍ തുറന്ന്‍ താര അകത്തെത്തിയിരുന്നു .
മുകളിലേക്ക്‌ കോണിപ്പടി കയറിപ്പോകുമ്പോള്‍ അകന്നകന്ന് പോകുന്ന ഓരോ കാലടിയൊച്ചയും തന്‍റെ ആത്മാവില്‍ നിന്നു തന്നെ താര അകലുന്നതിന്റെ ആദ്യപടി പോലെ മനസ്സില്‍ ഒരു പ്രഹരമായി , നോവായി............
മനസ്സിന്‍റെ തളര്‍ച്ച ശ രീര ത്തിലേക്ക് പടരുന്നത് തിരിച്ചറിഞ്ഞ് സോഫയിലിരുന്നു .എത്ര ശ്രമിച്ചിട്ടും അടക്കാനാവാതെ നിറഞ്ഞുതുളുമ്പിയ മിഴികളാല്‍ ചുവരിലെ മോഹന്‍റെ ഫോട്ടോയിലെക്ക് നോക്കി .
തന്നോടുള്ള സ്നേഹാധിക്യം അന്ധനാക്കിയ നാളുകളില്‍ ചൂണ്ടിക്കാണിക്കാതിരുന്ന ശരിതെറ്റുകളോര്‍ത്ത് മോഹന്റെ മിഴികളും നിറയുകയാണോ? അതോ തന്‍റെ തോന്നലോ ?

++++++++++++++++++++++++++++++++++++

പ്രിയ കഥാകാരി കമലാസുരയ്യക്ക് പ്രണാമം

Priya Raj
                   ഇകഴ്ത്തിയും പുകഴ്ത്തിയും ഒരുപാട് വിമര്ശ നങ്ങളും , പ്രശംസയും  നേരിടേണ്ടിവന്ന  ഒരു സാഹിത്യകാരിക്ക്   ആദരവര്‍പ്പിക്കാനായി മാത്രം ഒരു ലേഖനമെഴുതാനുള്ള സാഹിത്യ പരിജ്ഞാനം എനിക്കില്ലെന്ന പൂര്‍ണ്ണ ബോധ്യമാണ് , ഇത്തരമൊരു ഉദ്യമത്തിന് തുനിഞ്ഞ എന്റെ മനോധൈര്യത്തെ  വിശകലനം  ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചത്.

        ധ്രോണാചാര്യരും ,  ഏകലവ്യനും മനസ്സിന്റെ ഉള്ളറകളില്‍ പുരാണ കഥാപാത്രങ്ങള്‍ എന്നതിലുപരി,  ജീവസ്സുറ്റ  ചോദനകളായി  നിലകൊള്ളുന്നു എന്ന തിരിച്ചറിവാണ് ,  എന്റെയും,  മറ്റ്  അനേകരുടെയും  പ്രിയ കഥാകാരിക്ക്  അവരുടെ വേര്‍പാടിന്റെ രണ്ടാണ്ട് തികയുന്ന  ദിനത്തില്‍ ഇത്തരമൊരു ശ്രദ്ധാഞ്ജലി അര്‍പ്പിക്കാന്‍ എനിക്ക് പ്രേരണയായത്. ഹൈസ്കൂള്‍  ദിനങ്ങളിലെ  രാത്രികാല  പഠന- ഗൃഹ പാഠ ചെയ്തികള്‍ക്കിടയിലെ വേളകളിലൊന്നിലാണ്  മാധവിക്കുട്ടിയപ്പറ്റി (കമലസുരയ്യ )  ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് . സിലിണ്ടറിന്റെ വ്യാപ്തവും , I = PNR ഉം  അരികത്തു   കൂടെ  പോയെങ്കിലും  തലയ്ക്കുള്ളില്‍ കടന്നു സ്ഥിരതാമസത്തിന് വിസമ്മതിച്ച ദിനങ്ങളായിരുന്നു അത്. ആ ഒഴിവിലേക്കാണ് , കുടുംബ സദസ്സിലെ  അന്നത്തെ വിഷയമായി ( അന്ന് TV പ്രചാരത്തില്‍ വരുന്നേ ഉണ്ടായിരുന്നുളൂ. അതും സമ്പന്നരുടെ വീടുകളില്‍ മാത്രം.)  അവതരിപ്പിച്ച ഏതോ മാസികയില്‍  വന്ന മാധവിക്കുട്ടിയുടെ  ലേഖനത്തെപ്പറ്റിയുള്ള  ചര്‍ച്ചയിലെ ശകലങ്ങള്‍   കയറിവന്നത് .

ലേഖനത്തെയോ അതിന്റെ  നിലവാരത്തെക്കാളോ  ഉപരി,  അതെഴുതിയ  വ്യക്തിയെ പ്പറ്റിയും,  എന്തും  തുറന്നെഴുതുന്ന അവരുടെ ചങ്കൂറ്റത്തെയും  കുറ്റപ്പെടുത്തുന്ന രീതിയില്‍  അഭിപ്രായങ്ങള്‍ പാസ്സാക്കിയാണ് അന്ന്  സദസ്സ്  പിരിഞ്ഞത്. ഒന്നര രണ്ടു മണിക്കൂര്‍ ശ്രവിച്ച  സംഭാഷണശകലങ്ങള്‍ ചേര്‍ത്ത് വച്ച് ഒരു ഏകദേശ രൂപം ഞാന്‍ മനസ്സില്‍  രൂപപ്പെടുത്തിയിരുന്നു. ഇത്രയേറെ കുറ്റപ്പെടുത്തണമെങ്കില്‍   "വേണ്ടാത്ത കാര്യങ്ങള്‍ " എന്തൊക്കെയോ അവര്‍ എഴുതിയിട്ടുണ്ടാവുമെന്നു മനസ്സില്‍  ഉറപ്പിക്കുകയും  ചെയ്തു.
അരുതെന്ന് വിലക്കിയ "കനി"  ഭക്ഷിച്ച ആദിമമനുഷ്യന്റെ  പിന്മുറക്കാരിയാനല്ലോ  ഞാനും ! അയല്‍ വീടുകളില്‍ നിന്ന് കൈമാറി വരുന്ന മാസികകള്‍ക്കു അവകാശികള്‍  മൂത്ത സഹോദരങ്ങളായിരുന്നു .പാഠപുസ്തകങ്ങളൊഴികെ മറ്റെന്തെങ്കിലും തൊടാന്‍ വിലക്കേര്‍പ്പെടുത്തി യിരുന്നെങ്കിലും , ഒരുനാള്‍ എല്ലാവരും ഓരോ ജോലികളില്‍  വ്യാപ്രുതരായിരുന്നപ്പോള്‍ ,  കിടക്കക്കടിയില്‍  നടുവേ  നീളത്തില്‍  മടക്കി വച്ച  ആ  മാസിക  ഞാന്‍  കൈക്കലാക്കി .  വലിയ  ടെക്സ്റ്റ്‌ ബുക്കിനകത്തു ഒളിച്ചു വച്ച് ആ ലേഖനം  വായിക്കുമ്പോള്‍ പേടികൊണ്ടോ  അതോ എന്റെ തിരിച്ചറിവില്ലായ്മ കൊണ്ടോ എന്തോ എനിക്കൊന്നും മനസ്സിലായില്ല.

(സ്ത്രീ പുരുഷ ബന്ധത്തെ ക്കുറിച്ചോ മറ്റോ ആയിരുന്നു അത് )   എന്നാല്‍  അവസാന   ഖണ്ഡികയായി  മേല്‍പറഞ്ഞവയ്ക്കെല്ലാം ഒരുദാഹരണം എന്ന നിലയില്‍ അവര്‍ നല്‍കിയ ഒരു കഥ ഇന്നും   വ്യക്തമായി  ഓര്‍ക്കാന്‍ കഴിയുന്നു. "മരണാസന്നയായി കിടക്കുന്ന ഒരു വൃദ്ധയോട്  ബന്ധുക്കള്‍ അവരുടെ അവസാന ആഗ്രഹം ചോദിക്കുമ്പോള്‍  അവര്‍  തനിക്കു പച്ചപ്പട്ടു ജാക്കറ്റ്  ആവശ്യപ്പെടുന്നതായിരുന്നു  ആ കഥ. സാന്ദര്‍ഭികമായി അവര്‍ ഉദ്ധരിച്ച ഈ കഥ മാത്രമാണ് ഈ ഒളിച്ചു വായനയില്‍ നിന്നും എനിക്ക് ഗ്രഹിക്കാന്‍ കഴിഞ്ഞത് .

ഈ കഥതന്നെ യാണ്  പിന്നീട് അവരുടെ കഥകളുടെ വിളനിലമായ  പുന്നയൂര്‍ കുളത്തേക്കും    കല്‍ക്കതയിലെക്കും, ബോംബയിലേക്കും  കടക്കാന്‍ എനിക്കുള്ള  കവാടമായതും.പിന്നെയും  കുറെ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് അവരുടെ നോവലുകളും , കഥകളും എനിക്ക് കരഗതമായത്‌. പാഠപുസ്തകങ്ങളും , പൂമ്പാറ്റയും , ബാലരമയും ഒഴികെ  മറ്റെന്തും എന്നെ ഒരു "ചീത്തക്കുട്ടി" ആക്കുമെന്ന് എന്നോടുള്ള  വാല്സല്യാധിക്യം  വീട്ടുകാരെ ഉല്‍കണ്ടാ കുലരാക്കിയത്  കൊണ്ടാവാം 'സെന്‍സെറിംഗ് '  കഴിഞ്ഞേ മറ്റ്  പുസ്തകങ്ങള്‍  അവരെനിക്കു തന്നിരുന്നുള്ളൂ .

പിന്നീട് കോളേജിലെ ആദ്യ നാളുകളില്‍ , കൌമാര കുതൂഹലങ്ങള്‍  എന്നിലും  കുഴലൂതാന്‍  തുടങ്ങിയ കാലം പ്രണയ വര്‍ണ്ണങ്ങളിലേക്ക്  കണ്ണുക ളയക്കാന്‍  എനിക്ക് പ്രേരകമായതും  അവരുടെ  കഥകള്‍ തന്നെ.എന്നാല്‍ പിന്നീട്  പഠനശേഷം  പക്വതയാര്‍ന്ന  മനസ്സുമായി ,  ഗൌരവമായി വായനയെ സമീപിച്ചപ്പോഴാണ്  മാധവിക്കുട്ടിയെന്ന കമലാദാസിന്റെ  അനേകായിരം  ആരാധകരില്‍ ഒരാളായി  ഞാനും  മാറിയത്.

കല്‍ക്കത്തയിലെ ബാല്യകാല ജീവിതത്തില്‍ എപ്പോഴും നേരിട്ട ഏകാന്തതയും അനാഥത്വവും നമുക്ക് അവരുടെ  കൃതികളില്‍  ദര്‍ശിക്കാം. ഔദ്യോഗിക തിരക്കുകളിലും എഴുത്തിന്റെ ലോകത്തും എപ്പോഴും  മുഴുകിയിരുന്ന  അച്ഛനമ്മമാരില്‍ നിന്നും  അവഗണനയാണ്,  വീട്ടിലെ വേലക്കാരില്‍ നിന്നും, അയല്‍ക്കാരില്‍ നിന്നും തന്റെ സംശയ നിവൃത്തി തേടാനും, പിന്നീട്  ആ വിജ്ഞാന ശകലങ്ങള്‍  ചേര്‍ത്തുവച്ചാണ് നമുക്ക്  പ്രിയങ്കരങ്ങളായ കഥകള്‍ പിറവി  കൊണ്ടതെന്നും ,  നീര്‍മാതളം പൂത്തകാലം  നമുക്ക് കാട്ടിത്തരുന്നു .

കല്‍ക്കത്തയിലെ ലാന്‍ഡ് ടൌന്‍സ്  സ്ട്രീറ്റിലെ വീടും പരിസരവും ,  മധ്യാഹ്നങ്ങളില്‍ വന്നെത്തുന്ന  കച്ചവടക്കാരുമായി  സംവദിക്കുന്ന ജോലിക്കാര്‍ , ഇതിനെല്ലാം  സാക്ഷ്യം  വഹിച്ചു  അവര്ക്കിടയിലിരിക്കുന്ന ഒരു ബാലിക .....   അനേക  വര്‍ഷങ്ങള്‍ക്കിപ്പുറവും  ഒരു  മാസ്മരിക ചിത്രം പോലെ വായനക്കാരന്റെ  മനസ്സില്‍ പതിപ്പിക്കാന്‍ അവര്‍ക്ക്  കഴിഞ്ഞിരിക്കുന്നു.

നാലപ്പാട്ടെ  നീര്‍മാതളത്തിന്റെ സുഗന്ധം   മാത്രമല്ല അവര്‍ ലോകം മുഴുവനുള്ള വായനക്കാര്‍ക്കിടയില്‍   പകര്‍ത്തിയത് .  പാമ്പിന്‍ കാവിലെ വിഷസര്‍പ്പങ്ങളുടെ ഊതുകളും, കുളത്തിലെ  തണുത്ത വെള്ളത്തിന്റെ, വെയിലും നിലാവും ആ തറവാട്ടു മുറ്റത്തു  തീര്‍ക്കുന്ന  തെങ്ങോലകളുടെയും , മരങ്ങളുടെയും വികലമായ  ചായകള്‍  വരെ  ചിത്രകാരികൂടിയായ   അവര്‍  നമുക്ക് എഴുത്തിലൂടെ  വരച്ചു കാട്ടിത്തരുന്നു.

കറുത്ത കുപ്പായമണിഞ്ഞു ചന്ദന മരങ്ങള്‍ക്കിടയിലേക്ക്‌  മറയുന്നതിനു മുന്‍പേ,  നിറമുള്ള ചേലകള്‍  ചുറ്റി  നിറമാര്‍ന്ന  കഥകള്‍, കുഞ്ഞുങ്ങളുടെ  നിഷ്കളങ്കതയോടെ  ചൊല്ലിതന്ന  അവരെ  നമുക്കെങ്ങനെ  മറക്കാനാവും?  നൊമ്പരത്തിന്റെ ചേരുവകളിട്ട  നെയ്പ്പായസം വിളമ്പി ത്തന്നു ,  ഒറ്റയടിപ്പാതയിലൂടെ  തനിച്ചു നടക്കേണ്ടി  വരുന്ന  വിധവകളുടെ സ്ഥിതിയില്‍  ആകുലയായി സ്ത്രീ ജനങ്ങള്‍ക്കും  സമൂഹത്തിനും നേരെ ചോദ്യ ശരങ്ങളെയ്യുന്ന  അവരെ നമുക്കെങ്ങനെ  ഫെമിനിസ്റ്റ്  എന്ന് മുദ്ര ചാര്‍ത്താന്‍ കഴിയും ?  

തന്റെ  ശരീരത്തിന്റെ നിഗൂഡതകള്‍ ആളിക്കത്തുന്ന  ചിതാഗ്നിക്ക് മാത്രം മനസ്സിലാകട്ടെഎന്ന് മനസ്സിലുരുവിടുന്ന കടല്‍ മയൂരത്തിലെ       വൃദ്ധകന്യകയായ പ്രൊഫസര്‍ രേണുകാ ദേവി  വായനക്കാരുടെ മനസ്സിലും ആദ്യം ആത്മവിശ്വാസത്തിന്റെ മൂര്‍ത്തരൂപമായി നിലകൊള്ളുന്നു . എന്നാല്‍ കഥാന്ത്യത്തില്‍ മനുഷ്യ മനസ്സിന്റെ ചാഞ്ചാട്ടത്തില്‍  തന്റെ സിദ്ധാന്തത്തില്‍ നിന്നും അടിപതറി ഒരു സാധാരണ സ്ത്രീയായി മാറിയ അവരോടു നമുക്ക് വിദ്വേഷ്യമല്ല മറിച്ച് സഹതാപമാണ് തോന്നുക. 

സ്നേഹത്തിന്റെയും കരുതലിന്റെയും തണല്‍ തേടി  അവധിക്കാലത്ത്‌ നാലപ്പാട്ടെത്തുന്ന  പെണ്‍കുട്ടി പിന്നീട് തന്റെ കഥകളില്‍ ചോദിക്കുന്നുണ്ട് "സ്നേഹമയിയായ എന്റെ അമ്മമ്മ ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ കൈകൂപ്പി ഭഗവാനോട് പ്രാര്‍ത്ഥിച്ചത്‌, ഏറ്റവും പ്രിയപ്പെട്ട പേരക്കുട്ടി   തറവാടിനു പേരുദോഷം ഉണ്ടാക്കരുതെന്നാണോ എന്ന്. ".  ഇങ്ങനെ ആത്മ വിശകലനം  നടത്തിയ അവരെ  പിന്നീട്  കറുത്ത വസ്ത്രമണിഞ്ഞു    കണ്ടപ്പോഴും           പ്രൊഫസര്‍ രേണുക യോട് തോന്നിയ       അതെ സഹതാപം തന്നെ യാണ്, അവരെ സ്നേഹിക്കുന്ന നമുക്ക്      അവരോടു                  തോന്നിയതും !.
എന്റെ കഥയിലൂടെ,   സമ്പന്നതയിലെ സുഖ സൌകര്യങ്ങള്‍ക്കും , സുഖ ജീവിതത്തിനും  അപ്പുറം സ്ത്രീ ജീവിതത്തിനു - സ്ത്രീ   ശരീരത്തിന് - ഒരാത്മാവുണ്ടെന്നു   വിളിച്ചു പറയാന്‍ വെമ്പി നിന്ന  അനേകം സ്ത്രീകളുടെ പ്രധിനിധിയായി  അവതരിക്കാന്‍  ധൈര്യ ശാലിയായ ആ മഹതിക്കല്ലാതെ മറ്റാര്‍ക്ക് കഴിയും ? ഇതേ ധൈര്യം തന്നെയാണ് ഇച്ഛാനുസരണം  വിരല്‍തുമ്പുകളില്‍ ‍ മൈലാഞ്ചി ചോപ്പുമായി  ബുര്ഖയില്‍ ആത്മസുഖം തേടാനും അവര്‍ക്ക് തുണയായതും.

ആ മഹതിയെ ഒരിക്കലും നേരിട്ട് കാണാന്‍ കഴിയാത്ത സങ്കടത്തോടൊപ്പം   അസൂയയും തോന്നുകയാണ് ആ ഖബറിടത്തില്‍  അവര്‍ക്ക്    തണലേകി നില്‍ക്കുന്ന വാകമരത്തോടും! പ്രിയ കഥാകാരിയുടെ  സ്മരണകള്‍ക്ക് മുന്‍പില്‍ ആദരവോടെ അനേകം ആരാധകരോടൊപ്പം   ഈ ഞാനും ........



നമ്മുടെ സ്ത്രീകള്‍

Priya Raj


പിതാ രക്ഷതി കൌമാരേ
ഭര്‍ത്താ രക്ഷതി യൌവനേ

പുത്രോ രക്ഷതി വാര്‍ദ്ധക്യേ
ന:സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി .

ഇന്നും വ്യക്തമായി നിര്‍വ്വചനം ലഭിച്ചിട്ടില്ലാത്ത, അല്ലെങ്കില്‍ നല്‍കാന്‍ കഴിയാത്ത 'മനുസ്മൃതി ' യിലെ ഈ പരാമര്‍ശം അതേ രീതിയില്‍ തന്നെ അര്‍ത്ഥാന്തരണം ചെയ്യുകയാണെങ്കില്‍ അത് അന്വര്‍ത്ഥമാവുന്ന രീതിയില്‍ തന്നെയായിരുന്നു അടുത്തകാലം വരെ നമ്മുടെ സമുദായത്തിലെ സ്ത്രീകളുടെ അവസ്ഥ. കല്ലിനോടും, ലോഹത്തോടും മരത്തോടും മല്ലിട്ട് മരനീരും മോന്തി വരുന്ന തന്റെ പതിയോ അതോ ഗൃഹനാഥനോ കൊണ്ട് വരുന്ന സാധങ്ങള്‍ കൊണ്ട് ആഹാരം പാകം ചെയ്യാനും , മറ്റു വീട്ടുജോലികള്‍ ചെയ്യാനും, കുഞ്ഞുങ്ങളെ പ്രസവിച്ച് പരിപാലിക്കാനും മാത്രമേ നമ്മുടെ തൊട്ടുമുന്‍പത്തെ തലമുറ തയ്യാറായിരുന്നുള്ളൂ അഥവാ അവരെ അനുവദിച്ചിരുന്നുള്ളൂ. ഒന്നുറക്കെ സംസാരിക്കാനോ , ചിരിക്കാനോ, അല്ലെങ്കില്‍ പാതി ചാരിയ വാതില്‍ പാളിക്കിപ്പുറം തന്റെ ശരീരം വെളിപ്പെടുത്തി സംസാരിക്കാനോ തയ്യാറാവാത്ത എത്രയോ സ്ത്രീകള്‍ നമ്മുടെ മുന്‍തലമുറയില്‍ ഇപ്പോഴുമുണ്ട്.

കൂട്ടുകുടുംബ വ്യവസ്ഥിതിയിലെ ഒരിക്കലും മാറാത്ത അരപ്പട്ടിണിയിലും, പഞ്ഞ മാസത്തിലെ വറുതിയുടെ നാളുകളിലും മറ്റു സമുദായങ്ങളിലെ കൈ തൊഴിലുകള്‍ക്കോ , നാടന്‍പണികള്‍ക്കോ പോകുന്ന സ്ത്രീകളെപ്പറ്റി കഥകള്‍ മെനഞ്ഞുണ്ടാക്കിയും ആ കഥകള്‍ കൈമാറിയും അവര്‍ സംതൃപ്തിയടഞ്ഞു. പുത്രവധുക്കളോടും, സഹോദരഭാര്യമാരോടും, നാത്തൂന്‍മാരോടും കലഹിക്കാന്‍ അവര്‍ ഒഴിവുവേളകള്‍ വിനിയോഗിച്ചു.

സ്ത്രീകളെ പുറം ജോലികള്‍ക്കൊന്നും അയക്കാത്ത പുരുഷന്മാര്‍ തങ്ങളുടെ ഓഹരി ധൃതിയില്‍ ആഹരിച്ച് , ഉടുമുണ്ട് തലവഴി പുതച്ച് ഇരുണ്ട അകത്തളങ്ങളില്‍ ഉറങ്ങിയോ അതോ ഉറക്കം നടിച്ചോ കിടന്നതും ഈ അരപ്പട്ടിണിയെ തങ്ങളുടെ കാഴ്ചയില്‍ നിന്ന് മറയ്ക്കാനുമാവാം. പഞ്ഞ മാസങ്ങളിലെ പേമാരിയിലെ തണുപ്പില്‍ നിന്നും ഈ ഉറക്കവും ഉടുമുണ്ടിന്റെ പുതപ്പും അവര്‍ക്ക് അല്‍പ്പം ചൂടേകിയെങ്കില്‍ ഉടുമുണ്ട് മുറുക്കിയുടുത്തും(കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ മിക്ക സ്ത്രീകളും മുണ്ടും ബ്ലൌസും ആണ് വീട്ടില്‍ ധരിച്ചിരുന്നത്. ഇന്നും ചില പ്രദേശങ്ങളിലെ നാട്ടിന്‍ പുറത്തു ഇത്തരം വേഷം ധരിച്ച സ്ത്രീകളെ കാണാം.) വിധിയെ പഴിച്ചുമാണ് നമ്മുടെ സ്ത്രീകള്‍ പട്ടിണിയോട് പൊരുതിയത്.

എന്തായിരുന്നു ഈ ദുസ്ഥിയുടെ കാരണം? സ്വയം പര്യാപ്തത ഇല്ലായ്മ തന്നെയാണെന്ന് ഇന്ന് നമുക്ക് പറയാന്‍ കഴിയും. എന്നാല്‍ അന്ന് തന്റെ അവസ്ഥയോ, കെട്ടുറപ്പുള്ള ഒരു കുടുംബം പടുത്തുയര്‍ത്തുന്നതില്‍ തന്റെ പങ്കാളിത്തമോ സ്ത്രീ തിരിച്ചറിഞ്ഞിരുന്നില്ല . ഈ അജ്ഞതക്ക് കാരണം വിദ്യാഹീനത തന്നെ.

പ്രാഥമിക വിദ്യാഭ്യാസം സ്വായത്തമാക്കുമ്പോഴേക്കും (അതുമില്ലാത്തവരും ഉണ്ട്) എല്ലാം തികഞ്ഞു എന്ന ധാരണയില്‍ , മാനസികമായ പക്വത ആര്‍ജ്ജിക്കുന്നതിനു മുന്‍പ് തന്നെ, കുടുംബജീവിതത്തിലേക്ക് സ്ത്രീകളെ തള്ളിവിടുന്നൊരു കാഴ്ച അന്ന് എല്ലാ സമുദായങ്ങളിലും ഉണ്ടായിരുന്നെങ്കിലും, നമ്മുടെ സമുദായത്തില്‍ കൂടുതലായിരുന്നു. ഒരു പെണ്‍കുട്ടി ശാരീരികമായി പ്രായപൂര്‍ത്തി എത്തിക്കഴിഞ്ഞാല്‍ അവളുടെ കടമ കുടുംബ ജീവിതവും , കുഞ്ഞുങ്ങളെ പ്രസവിച്ചു അവരുടെ പരിപാലനവും മാത്രമാണെന്ന ചിന്താഗതിയില്‍ അത്തരം ജീവിതചക്രത്തിലെ ഒരു ഘടകമായി, മകളായും, അമ്മയായും, ഭാര്യയായും, അമ്മൂമ്മയായും മാത്രം ജീവിതം ജീവിച്ചു തീര്‍ത്ത ഒരുപാട് ജീവിതങ്ങള്‍ നമുക്ക് മുന്‍പിലുണ്ട്. ഇതിനപവാദമായി, ഇത്തരം ജീവിതത്തോടൊപ്പം തന്നെ, എന്തെങ്കിലും ജോലിനേടിയവരും, വിരളിലെന്നാവുന്നവരായി ഓരോ ദേശത്തും കാണാനായേക്കും . എന്നാല്‍ അത്തരക്കാര്‍ക്കു ഒരു മ്പെട്ടവള്‍ എന്ന മുദ്ര തന്നെയാണ്, സ്വജാതിയും,നാട്ടുകാരും നല്‍കിയത്.

അടിച്ചമര്‍ത്തപ്പെട്ട ആഗ്രഹങ്ങളുടെ വിങ്ങലുകലാണോ കിടപ്പുമുറികളിലെ, വാഗ്വ്വാദങ്ങളായി ചിലയിടങ്ങളിലെങ്കിലും ഉയര്‍ന്നു കേട്ടത്? സ്വന്തം വീട്ടിലേക്കു തിരിച്ചയക്കപ്പെട്ടു , സഹോദരങ്ങള്‍ക്കും അവരുടെ ഭാര്യമാര്‍ക്കുമൊപ്പം അര്‍ദ്ധപട്ടിണി പങ്കിടുമ്പോള്‍ കുറ്റബോധമാണോ അവരുടെ കഞ്ഞിയില്‍ എന്നും കണ്ണീരുപ്പു കലര്‍ത്തിയത്?

എന്നാല്‍ ഇന്നത്തെ തലമുറയിലെ നമ്മുടെ സ്ത്രീകള്‍ക്ക്, ആവശ്യത്തിനും അതിലേറേയും സ്വാതന്ത്ര്യം നമ്മുടെ പുരുഷന്മാര്‍ നല്‍കുന്നുണ്ട്. മിക്ക സ്ത്രീകളും പെണ്‍കുട്ടികളും ഹൈസ്കൂള്‍ , ഹയര്‍ സെക്കന്ററി, ബിരുദ - ബിരുദാനന്തര വിദ്യാഭ്യാസം നേടിയിട്ടുമുണ്ട്. പ്രൊഫഷണല്‍ കോഴ്സ് കളും , മറ്റു മേഘലകളിലും പ്രാവീണ്യം നേടിയവരും ചെറുതല്ലാത്ത ശതമാനമുണ്ട്. എന്നാല്‍ ഇവരെല്ലാം തന്നെ തങ്ങളുടെ തൊഴിലിലോ അതതു മേഘലകളിലോ ഒതുങ്ങിക്കൂടുകയല്ലാതെ, നമ്മുടെ സമുദായത്തിന്റെ, അല്ലെങ്കില്‍ സമൂഹത്തിന്റെ പുരോഗതിക്കു വേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ പങ്കാളികളാവുന്നില്ല , എന്നത് വിസ്മയിപ്പിക്കുന്ന വസ്തുതയാണ്.

കേരളത്തിലെ പ്രശസ്തനായ ഒരു കവി (ഡി .വിനയചന്ദ്രന്‍ ആണെന്ന് തോന്നുന്നു ) ഒരിക്കല്‍ പറയുകയുണ്ടായി ."ഇന്നത്തെ പെണ്‍കുട്ടികള്‍ വിദ്യ അഭ്യസിക്കുന്നത് നാലക്കവും, അഞ്ചക്കവും ശമ്പളം വാങ്ങുന്ന ഒരുത്തന്റെ ഭാര്യ ആകാന്‍ വേണ്ടി മാത്രമാണെന്ന്. നമ്മുടെ പെണ്‍കുട്ടികളുടെ കാര്യത്തില്‍ ഇത് വാസ്തവമാണെന്ന് തോന്നിപ്പോകും. പതിനെട്ടു വയസ്സ് പൂര്‍ത്തിയാകുമ്പോഴേക്കോ അല്ലെങ്കില്‍ വിദ്യാഭ്യാസം പൂര്‍ത്തി ആക്കുന്നതിനു മുന്‍പോ , ആരുടെയെങ്കിലും കൈയില്‍ മകളെ ഏല്‍പ്പിക്കണം എന്നാണ് മിക്ക മാതാപിതാക്കളുടെയും ചിന്ത . അവരുടെ ചിന്ത അവഗണിക്കാവുന്നതല്ല. വിവാഹവും കുടുംബജീവിതവും , മനുഷ്യരാശിയുടെ നിലനില്‍പ്പിനു അത്യാവശ്യമാണ്. എന്നാല്‍ സ്വന്തമായി എന്തെങ്കിലും വരുമാനം നേടാനുതകുന്ന മാന്യമായ തൊഴില്‍ നേടിയിട്ടു പോരെ വിവാഹം? അങ്ങനെ യായാല്‍ പിന്നീട് കുടുംബജീവിതത്തില്‍ എന്തെങ്കിലും ഒരു പ്രതിസന്ധിഘട്ടം നേരിടുമ്പോള്‍ , തീര്‍ച്ചയായും ആ തൊഴിലും വരുമാനവും അവര്‍ക്ക് പ്രയോജനപ്പെടും . ഉന്നത വിദ്യാഭ്യാസം നേടിയിട്ടും, ജോലിയോ വരുമാനമോ ഇല്ലാതെ, വിധവകളായും, വിവാഹമോചിതരായും ഒരു പാട് സ്ത്രീകളെ നമുക്കിടയില്‍ കാണാം. തനിക്കൊരു വരുമാനമുണ്ടായിരുന്നെങ്കില്‍ എന്ന് ഒരുവേളയെങ്കിലും അവരെല്ലാം ആശിച്ചിരിക്കും തീര്‍ച്ച.

ഒന്നോര്‍ത്തുനോക്കൂ , തൊഴിലെടുത്ത് ആദ്യമായി നമ്മുടെ മകള്‍ നമ്മുടെ കൈകളിലേല്‍പ്പിക്കുന്ന വേതനം , പൈസയുടെ മൂല്യം മാറ്റിവച്ച് ചിന്തിക്കുമ്പോള്‍ , അവളുടെ ആദ്യത്തെ കരസ്പര്‍ശം പോലെ, നമ്മെ തിരിച്ചറിഞ്ഞു ആദ്യമായി പൊഴിച്ച പുഞ്ചിരി പോലെ, നമ്മെ ആദ്യമായി അവള്‍ സംബോധന ചെയ്ത നിമിഷം പോലെ നിര്‍വൃതിദായകമല്ലേ അത്?

സ്ത്രീയുടെ വിദ്യാഭ്യാസവും സ്ത്രീ സ്ത്രീശാക്തീകരണവും തീര്‍ച്ചയായും അനിവാര്യമാണ്. അഥര്‍വ്വവേദത്തില്‍ പ്രതിപാദിക്കുന്നുണ്ട് " The success of woman in married life depends upon her proper training (education) during the brahmacharya." ഇത് തികച്ചും ശരിയാണ്. കാരണം കുടുംബത്തിലെ വിളക്കാണ് സ്ത്രീ. തനിക്കു ചുറ്റും പ്രകാശം പരത്താന്‍ ആ വിളക്കിലേക്ക് വിദ്യ എന്ന നെയ്യ് നമുക്ക് പകര്‍ന്നു കൊടുക്കാം .

++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++
നമ്മുടെ നേതാക്കന്മാര്‍ 
Priya Raj



ഓം വിരാഠ് വിശ്വകര്‍മ്മണേ  നമഹ:
            
         രേഖകള്‍ പ്ര കാരം 45 - 48  ലക്ഷം വരുന്ന കേരളത്തിലെ വിശ്വകര്‍മ സമുദായത്തിലെ ഒരംഗമാണ് ഞാനും എന്ന തിരിച്ചറിവ് തന്നെയാണ്  ഇങ്ങനെയൊരു ലേഖനമെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. ഇതിനു എനിക്ക് ഉത്തേജകമായത്  VK UAE യുടെ സജീവ പ്രവര്‍ത്തകനായ ശ്രീ. വക്കം  ശ്രീ കുമാര്‍  സാറിന്റെ ഇ-മെയില്‍ ലുകളാണ്. നമ്മുടെ സമുദായത്തിനെ പിന്നോക്കാവസ്ഥക്ക്  കാരണമായ പല  കാര്യങ്ങളെക്കുറിച്ചും ചോദ്യ രൂപേണ അദ്ദേഹം  അയക്കുന്ന  മെയിലുകള്‍ക്ക് ,  നമ്മുടെ സമുദായത്തിന്റെ  ഇന്നത്തെ  അവസ്ഥയില്‍  ചിന്താധീനരും,  നാളത്തെ അവസ്ഥയില്‍ ഉത്കണ്ഠകുലരായ  ചില സഹോദരീ സഹോദരന്മാര്‍ അദ്ദേഹത്തിനു അയക്കുന്ന ചില മെയിലുകളും എനിക്ക് ഫോര്‍വേഡ് ചെയ്തു കിട്ടാറുണ്ട്. അവരുടെയെല്ലാം ചോദ്യങ്ങളും, ഉത്കണ്ഠകളും അസ്ഥാനത്തല്ല തന്നെ. എന്നാല്‍ ഇവയെല്ലാം സ്വാം ശീകരിച്ചു  ഞാന്‍ ചോദിക്കട്ടെ എല്ലാവരും  മുറവിളി കൂട്ടുന്ന അവകാശലബ്ധി  നേടിയെടുക്കാനുള്ള 'ഒരുമ'  നമുക്കിടയിലുണ്ടോ?  ഇല്ലെങ്കില്‍ ആരാണ് അതിനുത്തരവാദി? മറ്റെല്ലാ സ്വാര്‍ത്ഥ  ചിന്തകളും മാറ്റിവച്ച് , കണ്ണുകള്‍ ഒന്നടച്ചു സ്വന്തം  മനസാക്ഷിയോട്  ചോദിച്ചാല്‍ അതിനുത്തരം കിട്ടും.  നാം,  നാംതന്നെയാണ് അതിനുത്തരവാദി എന്ന്!
          സാമുദായികമായ  ഉച്ചനീച്ത്വത്തിനു ഇരയാകേണ്ടി വന്നിട്ടില്ലാത്ത ഒരു  വിശ്വ കര്മജനും നമുക്കിടയില്‍ ഉണ്ടാവുമെന്ന് തോന്നുന്നില്ല.ന്യൂനപക്ഷപാതിത്വ്വും, സാമ്പത്തിക പിന്നോക്കാവസ്ഥയും, സാംസ്കാരിക  ശൂന്യതയുമാണ് മറ്റു സമുദായങ്ങളില്‍ നിന്ന്  നമ്മെ അകറ്റി നിര്ത്തിയതെങ്കില്‍, അസൂയയും, സ്വാര്‍ഥതയും,  തമ്മില്‍ തല്ലുമാണ് സ്വജനങ്ങള്‍ക്കിടയില്‍ നമുക്ക് ദര്‍ശിക്കാവുന്നത്. മറ്റു സമുദായക്കര്‍ക്കിടയില്‍ നാം പരിഹാസപാത്രമാവുന്നതും  ഇതിനാല്‍ തന്നെ.
          വാസ്തുദോഷം തീര്‍ക്കാനായി ഒരു ഭവനത്തില്‍ പോയപ്പോള്‍,  തന്റെ ജ്ഞാനം വെളിവാക്കാനായി,  ആദ്യമായി ആ വീടിനു  സ്ഥാനനിര്‍ണ്ണയം (കുറ്റിയടി- എന്നാണ് വടക്കന്‍ കേരളത്തില്‍ പറയുന്നത് )നടത്തിയ സ്വന്തം സമുദായത്തിലെ ആചാര്യനെ (കുറ്റിക്കാരന്‍)  ആവോളം ഇകഴ്ത്തി  സംസാരിച്ച്  ഒടുവില്‍  ആ  'അജ്ഞാനി'  തന്റെ പിതാവ്  തന്നെയാണെന്ന്  ആ  വീട്ടുകാരില്‍ നിന്നും കേള്‍ക്കേണ്ടി വന്ന 'ഹതഭാഗ്യനും' അതിലുപരി 'മൂര്‍ഖനുമായ' ഒരാള്‍ എന്റെ  നാട്ടിലെ ജീവിക്കുന്ന  കഥാപാത്രമാണ്.
ഇങ്ങനെ  പല ഉദാഹരണങ്ങ ളും  നമുക്ക് ഓരോ ദേശത്തുനിന്നും  കേള്‍ക്കാന്‍ കഴിയും.
      മറ്റൊന്ന് ഈശ്വരാനുഗ്രഹത്താല്‍ അല്പം ധന ശേഷിയോ,വിദ്യാ സമ്പന്നതയോ കൈവരിക്കാനായെങ്കില്‍,  ഇതൊന്നുമില്ലാത്ത സമുദായത്തിലെ  മറ്റംഗങ്ങളെ തികച്ചും അധ:കൃതരായി കാണുന്ന പ്രവണതയാണ്. താന്‍ മേല്തട്ടിലാനെന്നും മറ്റുള്ളവരെല്ലാം വെറും  നികൃഷ്ട്ടരാനെന്നുമുള്ള ഈ മനോഭാവം  മാറാത്തിടത്തോളം നമുക്കിടയില്‍  ഒത്തൊരുമ സാധ്യമല്ല. വിദ്യാസമ്പന്നന്‍ വിദ്യാഹീനന്റെ ദുസ്ഥിതിയില്‍ സന്തോഷിക്കുകയല്ല വേണ്ടത് മറിച്ച് തന്നാലാവുന്ന വിധം  അറിവ് പകര്‍ന്നു കൊടുത്തു അവനെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്  കൊണ്ടുവരികയാണ് വേണ്ടത്.
        നമുക്കിടയിലെ 5 ഉപവിഭാഗങ്ങള്‍ക്കും കൂടി 23 ഓ ളം  സംഘടനകള്‍ ഇന്ത്യയിലും വിദേശത്തുമായി നമുക്കുണ്ട് . ഇവയെല്ലാം  തങ്ങളുടെ പ്രവര്‍ത്തന പരിധിയില്‍ നിന്നുകൊണ്ട് ചില സേവനങ്ങള്‍ തങ്ങളുടെ സമുദായാംഗങ്ങള്‍ക്ക് നല്‍കുന്നുണ്ടെന്നും ഞാന്‍ കരുതുന്നു.  തങ്ങളുടെ ഭാഗ്യം കൊണ്ടും സ്വപ്രയത്നം  കൊണ്ടും സമൂഹത്തിലെ  ഉന്നത ശ്രേണിയില്‍ എത്തിപ്പെട്ടവരാന് ഇവയില്‍ മിക്കതിന്റെയും അമരത്തുള്ളത്‌  .  ഈ  വസ്തുത അഭിമാനാര്‍ഹം തന്നെ. എന്നാല്‍ വിസ്മരിക്കാനാകാത്ത മറ്റൊരു വസ്തുത ഇവയെല്ലാം നഗരങ്ങളിലെ ചുരുക്കം ചില  ഉദ്യോഗസ്ഥ  വൃന്ദത്തിലും,  മെമ്പര്‍മാരിലും ഒതുങ്ങി നില്‍ക്കുകയാണ്. ഗള്‍ഫ്‌ നാടുകളില്‍ത്തന്നെ വല്ലപ്പോഴും മെഡിക്കല്‍ ക്യാമ്പോ, ഓണാഘോഷാമോ ,വിഷുക്ക ണിയോ, ക്രിക്കറ്റ്‌ടൂര്‍ണമെന്റോ നടത്തിയത് കൊണ്ട് , ഇവിടെ ജോലിചെയ്യുന്ന സാധാരണ  തൊഴിലാളികള്‍ക്ക് യാതൊരു കാര്യവുമില്ല. കാശുള്ളവരുടെ  ഒരു നേരമ്പോക്കായി മാത്രമേ ഇതെനെ വിശേഷിപ്പിക്കാനാവൂ.
            ഇതൊരു സംഘടനയ്ക്കും വളരാന്‍ വേണ്ട മുഖ്യ ഘടകം സാമ്പത്തികം തന്നെയാണ്. നമ്മുടെ നാടിന്റെ സാമ്പത്തിക വളര്‍ച്ച നിര്‍ണ്ണയിക്കുന്നതില്‍  മുഖ്യ ഘടകം  വിദേ ശനാണയം ആണെന്നത്  തര്‍ക്കമറ്റ വസ്തുതയാണ്. അതിനാല്‍ ഗള്‍ഫ്‌ ല്‍     ഒരു നേരം പോക്കായി സംഘടനാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവര്‍ ആ ചിന്താഗതിയില്‍ നിന്ന് മാറി ചിന്തിക്കെണ്ടിയിരിക്കുന്നു. ഇവിടെ നിന്നുകൊണ്ട് നാട്ടില്‍  നമ്മുടെ സമുദായത്തിന്റെ അടിത്തറ എങ്ങനെ  ശക്തമാക്കണമെന്ന് നാം  ചിന്തി ക്കണം .അതിനുള്ള  സാമ്പത്തിക സഹായം നാം  ഇവിടെനിന്നും സ്വരൂപിച്ചു  അത് വേണ്ടവണ്ണം വിനിയോഗിക്കാന്‍ പ്രോയോഗികബുധിയും കര്‍മ്മ ശേഷിയുമുള്ള  നേതാക്കളെ നാട്ടില്‍ കണ്ടെത്തണം. കാരണം  നാമെല്ലാം  ഇന്നെല്ലങ്കില്‍ നാളെ
കൂടണയേണ്ടത്   നമ്മുടെ മലയാള മണ്ണിലാണ് . അപ്പോള്‍  നമുക്കും കുടുംബത്തിനും താങ്ങാവാന്‍ ഉതകുന്നതായിരിക്കണം  ആ സംഘടന.
        കുറച്ചു വര്‍ഷങ്ങളായി ഇന്ത്യക്ക് വെളിയില്‍ താമസിക്കുന്ന എനിക്ക് ചില സംഘടകളുടെ മീറ്റിങ്ങുകളില്‍ പങ്കെടുക്കുവാനും, അവരുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കാണുവാനും സാധിച്ചിട്ടുണ്ട്. നാട്ടുകാരെയും, ബന്ധുക്കളെയും  അവിടെവച്ചു കാണാനും പരിചയം    പുതുക്കാനും
  കഴിഞ്ഞിട്ടുമുണ്ട്. എന്നാല്‍  എന്നെ വിസ്മയിപ്പിക്കുന്ന  കാര്യം ഈ സംഘടനകളുടെ അമരത്തും അണിയതും ഉപവിഷ്ഠരായിരിക്കുന്നവരും മറ്റു ചില അംഗങ്ങളും വര്‍ഷങ്ങളായി സ്വന്തം കുടുംബാംഗങ്ങള്‍ക്കിടയിലും,  ബന്ധുജനങ്ങല്‍ക്കിടയിലും  വിദ്വേഷം വച്ച് പുലര്‍ത്തുന്നവരാണ്- എന്നതാണ്.  സ്വന്തം കുടുംബവുമായും ബന്ധുക്കളുമായും ഐക്യമില്ലാത്തവര്‍ക്ക് എങ്ങനെയാണ് ഒരു സമുടായത്തിനകത്തു ഐക്യം കൊണ്ടുവരാനാവുക?  അതിനാല്‍ ഓരോ വ്യത്തിയും സ്വന്തം മനസ്ഥിതി, 'ഈഗോ '  ഇതൊന്നും മാറ്റിയില്ലെങ്കില്‍ നമ്മുടെ സാമുടായികൈക്യം വെറും മലര്‍പ്പൊടിക്കാരന്റെ സ്വപ്നമായി അവശേഷിക്കും.തീര്‍ച്ച.                                                                                  (തുടരും...)
(അടുത്ത ഭാഗം - നമ്മുടെ സ്ത്രീകള്‍)