Monday, October 19, 2015

വിശ്വകർമ്മ സമുദായത്തെ ഇന്നത്തെ അവസ്ഥയിൽ നിന്ന് മോചിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ-1


മൂഹം നന്നാവണമെങ്കിൽ കുടുംബങ്ങൾ നന്നാവണം. കുടുംബങ്ങൾ നന്നാവണമെങ്കിൽ വ്യക്തികൾ നന്നാവണം..........................
സാധാരണക്കാരായ വിശ്വകർമ്മ കുടുംബങ്ങളിലെ രക്ഷാകർത്താക്കൾ കടം വാങ്ങിയും കിടപ്പാടം വിറ്റുമൊക്കെ നടത്തുന്ന പല വിവാഹ ബന്ധങ്ങളും ഇന്ന് തകർച്ചയിലാണ്. തകരാത്തതു പലതും പുകഞ്ഞു കൊണ്ടിരിക്കുന്നതുമാവാം. ഉദാഹരണങ്ങൾ നിങ്ങൾക്ക് ചുറ്റും തന്നെ ധാരാളം കാണാൻ കഴിയും. വിവാഹ ബന്ധം തകരാനല്ല ആരും വിവാഹം കഴിക്കുന്നത്. 90% വും സാമ്പത്തികപ്രശ്നം കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. 
എനിക്ക് നേരിട്ടറിയാവുന്ന അനേകം സംഭവങ്ങളിൽ ഒരു സംഭവം പറയാം.
ഒരു കാർപെന്റർ ജോലി ചെയ്യുന്ന യുവാവ്. അയാളുടെ വീട്ടിൽ അയാളെ കൂടാതെ ഒരു അനുജനും ഉണ്ട്. അച്ഛൻ, രണ്ടാണ്മക്കളായതിനാൽ മുന്നും പിന്നും നോക്കാതെയാണ് ജീവിതം. ഒന്നാന്തരം കള്ളുകുടിയനും. ആണുങ്ങൾ മൂവരും ജോലി ചെയ്യുന്നുണ്ട്. നല്ല വരുമാനവും. പക്ഷേ സമ്പാദ്യശീലം തീരെയില്ല. അയാൾ, ഒരു സാധാരണ വിശ്വകർമ്മ കുടുംബത്തിലെ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നു. 
ഉള്ളതെല്ലാം വിറ്റുപെറുക്കിയും കുറച്ച് കടം വാങ്ങിയുമൊക്കെയാണ് അല്പം പൊന്നോ പണമോ സ്ത്രീധനമായി ആ പെണ്കുട്ടിയുടെ രക്ഷാകർത്താക്കൾ നൽകുന്നത്. വിവാഹം കഴിയുന്നതോടെ അവർ നല്ലൊരു കടത്തിന്റെ ഉടമയുമായിന്നു. കല്യാണ ചെറുക്കനോ? അവൻ സ്ത്രീധനമായി കിട്ടുന്ന തുക കൂടാതെ നല്ലൊരു തുക കടമായി സംഘടിപ്പിച്ചായിരുന്നു സുഹൃത്തുക്കൾക്ക് മദ്യസൽക്കാരം ഉൾപ്പെടെയുള്ള ജാഡ കാണിക്കുന്നത്. വിവാഹം കഴിഞ്ഞ് കുറച്ചു ദിവസം സ്വാഭാവികമായും ജോലിക്കു പോയില്ല, വരവില്ല, നല്ല ചെലവും ഉണ്ടാക്കി വെച്ചു. 
കുറച്ചു ദിവസം ബന്ധുക്കളുടെ വീടുകളിൽ വിരുന്നിനു പോക്കും സിനിമയ്ക്കു പോക്കുമായി അടിപൊളിയായിരുന്നു ജീവിതം. ആ സമയത്ത് പെൺകുട്ടി തന്റെ ഒരു മിനിമം ആവശ്യം ഉന്നയിക്കുന്നു. 
“ ചേട്ടാ എനിക്കൊരു സാരിയും രണ്ട് മാക്സിയും വാങ്ങണം. ഇവിടുണ്ടായിരുന്ന സാരി രണ്ടും ഒരു പരുവമായി. മാക്സിയുണ്ടെങ്കിൽ വീട്ടിലുടുക്കാൻ അതുമതിയല്ലോ?“ കഷ്ടപ്പാട് അറിഞ്ഞു വളർന്ന കുട്ടിയായതിനാൽ മോഹങ്ങൾ ധാരാളം ഉണ്ടെങ്കിലും ചേട്ടനെ വിഷമിപ്പിക്കേണ്ട എന്നു കരുതി അത്യാവശ്യം വേണ്ട കാര്യങ്ങൾ മാത്രമെ പറയുന്നുള്ളൂ. 
സ്വന്തം പോക്കറ്റിനെക്കുറിച്ച് നല്ല ബോദ്ധ്യമുള്ള ഭർത്താവ് പറയുന്നു. “ നിന്റെ വീട്ടിൽ പോകുമ്പോൾ നിന്റെ പഴയ ഡ്രെസെല്ലാം ഇങ്ങെടുത്തോണ്ട് വന്നാൽ മതി തൽക്കാലം അതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യ്“
“അതെല്ലാം ഞാൻ അനിയത്തിക്കു കൊടുത്തിട്ടാണ് വന്നത്“
“അതുശരി. നിനക്ക് തോന്നുമ്പ തോന്നുമ്പ ഡ്രെസെടുത്തു തരാൻ നിന്റപ്പൻ എനിക്ക് ലക്ഷക്കണക്കിനല്ലേ സ്ത്രീധനം തന്നത്?“
രണ്ട് പെൺകുട്ടികളായതുകൊണ്ട് ഒരു പൈസ അനാവശ്യമായി കളയാതെ കഷ്ടപ്പെട്ട് രണ്ട് പേരേയും ചുറ്റുമുള്ള പീഢകന്മാരുടെ കണ്ണിൽ നിന്ന് മറച്ച്, ഡിഗ്രി വരെ പഠിപ്പിച്ച്, എന്നും രോഗിയായ അമ്മയേയും ചികിത്സിച്ച് സ്വന്തം അസുഖങ്ങൾ ആരേയും അറിയിക്കാതെ കിടപ്പാടം വിറ്റ് തന്നെ കെട്ടിച്ചയച്ച പാവം അച്ഛനെ പറഞ്ഞാൽ ആരാണ് സഹിക്കുക. അവൾ അത് കണ്ണീരിലൊതുക്കി. 
അമ്മായിയമ്മയുടേയും കുടിയനായ അമ്മായിയച്ഛന്റേയും ഭർത്താവിന്റെ അനുജന്റേയും വക വേറെ പീഢനങ്ങൾ.
പിന്നീട് പണി കഴിഞ്ഞു മൂക്കുമുട്ടെ കുടിച്ചു വന്ന് എന്നും അപ്പനെയും അമ്മയേയും ചീത്ത വിളിക്കാൻ തുടങ്ങി. തീരെ സഹിക്കാതെ വന്നപ്പോൾ അവൾ പറഞ്ഞു. “എന്നെ വേണേൽ കൊന്നോ എന്റെ അപ്പനേയും അമ്മയേയും ഒന്നും പറയരുത്. അതോടെ അസഭ്യം മാത്രമല്ല തല്ലും തുടങ്ങി. 
ഡിഗ്രിക്കാരിയായ അവളെ എന്തെങ്കിലും ജോലി കണ്ടുപിടിക്കാനും ഈഗോ കാരണം അയാൾ സമ്മതിച്ചില്ല.
താമസിയാതെ അവൾ ഗർഭിണിയായി. അഞ്ചാം മാസമായപ്പോൾ അവളുടെ വീട്ടിൽ കൊണ്ടാക്കി. പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കിയില്ല. മകളെ കെട്ടിച്ച കടങ്ങളും ഇളയമകളുടെ പഠിത്തവും അമ്മയുടെ രോഗവും കൊണ്ട് പൊറുതിമുട്ടിയ വീട്ടിൽ, ഗർഭിണിയായ ഭാര്യയെ ആശുപത്രി, പ്രസവ, നൂലുകെട്ട് ചെലവുകളിൽ നിന്നും ഒഴിവാകാൻ തന്ത്രപൂർവമായ ഒരു നീക്കം. 
പ്രസവിച്ചു എന്നറിയിച്ചിട്ടും തിരിഞ്ഞു നോക്കാതെ, നൂലു കെട്ടിന് അറിയിച്ചില്ല എന്ന കാരണം പറഞ്ഞ് ഭാര്യ വീട്ടിൽ അമ്മയെയും മദ്യപിച്ചാൽ തെറിമാത്രം പറയുന്ന അച്ചനേയും കൂട്ടിവന്ന് ഒരു പ്രകടനവും. ആറുമാസം കഴിഞ്ഞ് വിളിച്ചു കൊണ്ടു പോയി പിന്നെയും ഗർഭിണിയാക്കി മൂത്ത കുഞ്ഞിനേയും കൂട്ടി വീണ്ടും അവളുടെ വീട്ടിൽ കൊണ്ടാക്കി. രണ്ടു മക്കളുമായി സ്വന്തം വീട്ടിൽ കഴിയവെ അവൻ വേറൊരു പെണ്ണിനെ വളക്കാൻ തുടങ്ങിയിരുന്നു. അപ്പോൾ അന്യജാതിക്കാരായ നാട്ടുകാർ ഇടപെട്ടു അവനെ കൈകാര്യം ചെയ്തു. നാട്ടുകാർ അവൾക്കൊരു കടയിൽ ജോലിയും തരപ്പെടുത്തിക്കൊടുത്തു. മൊട കണ്ടാൽ ഇടപെടുമെന്ന നാട്ടുകാരുടെ ശാസന ഉള്ളതുകൊണ്ട് ഇപ്പോൽ അവർ വലിയ കുഴപ്പമില്ലാതെ കഴിയുന്നു. അവൾക്കും ശമ്പളമുള്ളതുകൊണ്ട് കുട്ടികൾ നല്ല സ്കൂളിൽ പഠിക്കുന്നു.
ഇതേ പോലെ അല്ലെങ്കിൽ അല്ലറ ചില്ലറ വ്യത്യാസങ്ങളിൽ നൂറു കണക്കിന് ഉദാഹരണങ്ങൾ ഉണ്ട്. അതിൽ പലതും ചോദിക്കാൻ ആളില്ലാതെ തകർന്നു പോയിട്ടുള്ള ദാമ്പത്യ ജീവിതങ്ങളാണ്.
എന്തു കൊണ്ട് വിശ്വകർമ്മ കുടുംബങ്ങളിൽ മാത്രം ഇങ്ങിനെ സംഭവിച്ചു? സംഭവിക്കുന്നു?
1. പെണ്ണിന്റെ വീട്ടുകാരാണ് ഇതിനെതിരെ പ്രതികരിക്കേണ്ടത്. എന്നാൽ അവൾ അവന്റെ വീട്ടിലാണ് ജീവിക്കുന്നതെന്നും അതിന്റെ ഭവിഷ്യത്ത് മകൾ അവിടെ ഒറ്റയ്ക്ക് അനുഭവിക്കേണ്ടിവരുമെന്നും, പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ ഇനിയിരിക്കുന്ന പെൺകുട്ടിക്ക് ഇനി ഒരാൾ വരികില്ല എന്ന ഭയം. 
2. മറ്റു സമുദായങ്ങളിൽ ഇങ്ങിനെയൊരു സംഭവമുണ്ടായാൽ അത് ചോദ്യം ചെയ്യാൻ ശക്തമായ സംഘടനകൾ ഉണ്ട്. NSS, SNDP, നാടാർ മഹാസഭ, പുലയർ മഹാസഭ, വേളാർ മഹാസഭ, ക്രിസ്ത്യൻ, മുസ്ലിം എന്നിവർക്ക് പ്രീ മാര്യേജ് കൗൺസലിംഗ്, ആഫ്റ്റർ മാര്യേജ് കൗൺസലിംഗ് തുടങ്ങിയ വ്യക്തമായ പ്ലാനുകൾ ഉണ്ട്. ഇത്തരം ഒരു പ്രശ്നം സഭയിൽ അറിഞ്ഞാൽ അവർ കൈകാര്യം ചെയ്തു കൊള്ളും.
3. വിശ്വകർമ്മ സമുദായത്തിൽ മാത്രം അങ്ങിനെയൊരു സംവിധാനമില്ല. സഭയുടെ ശാഖ അവിടെ ഇല്ലെങ്കിൽ പോലും ആർക്കും ഒരു പ്രയോജനവും ഇല്ലാത്ത ഒരു രജിസ്റ്റർ ബുക്കുമായി വന്ന് അതിൽ ഒപ്പിടുവിച്ച് ഫീസും വാങ്ങിയാൽ അവരുടെ ഉത്തരവാദിത്വം അതോടെ തീരുന്നു. ശക്തമായ ആൾ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ചോദിക്കാൻ ചെന്നാൽ ആരും മൈൻഡ് ചെയ്യുകയുമില്ല.
എന്താണിതിന്റെ പ്രതിവിധി?
1. ഇത്തരം ഒരു പ്രശ്നം അറിഞ്ഞാൽ കൈകാര്യം ചെയ്യക്കത്തക്കവണ്ണം ശക്തരായ അംഗങ്ങൾ ഉള്ള ഒരു സംവിധാനം ഉണ്ടാക്കണം. അതിന് മഹാസഭകൾ നിഷ്ക്രീയമാണെന്ന് തോന്നുന്നെങ്കിൽ വിദ്യാസമ്പന്നരായ യുവാക്കൾ ചേർന്ന് ഓരോ പ്രദേശത്തും ‘കർമ്മസേന‘കൾ രൂപികരിക്കണം.
2. ‘കർമ്മസേന‘കൾ പ്രീ മാര്യേജ് കൗൺസലിംഗ്, ആഫ്റ്റർ മാര്യേജ് കൗൺസലിംഗ് തുടങ്ങിയ വ്യക്തമായ പ്ലാനുകൾ നടപ്പാക്കണം. കുടുംബ യോഗങ്ങൾ ശക്തിപ്പെടുത്തണം. മദ്യപാനത്തിനെതിരേയും ചൂതുകളിക്കെതിരേയും ബോധവത്കരണം നടത്തണം.
3. ‘കർമ്മസേന‘കൾക്ക് റിട്ടയർഡ് ഉദ്യോഗസ്ഥന്മാർ സ്കൂൾ, കോളേജ് അദ്ധ്യാപകർ അഡ്വക്കേറ്റുമാർ തുടങ്ങി മുതിർന്നവരുടെ ഒരു ഉപദേശക സമിതി രൂപീകരിക്കണം വേണമെങ്കിൽ അന്യജാതിയിലുള്ള പരിചയസമ്പന്നരേയും ഉൾപ്പെടുത്താം.
4. പ്രശ്നങ്ങൾ മറ്റുള്ളവർ അറിയുമെന്നു കണ്ടാൽ ഒരു പരിധിവരെ ഇത്തരം സംഭവങ്ങൽ ഉണ്ടാവുക തന്നെയില്ല.
5. ആരോഗ്യമുള്ള ഒരു സ്ത്രീ പോലും ഒരു വീട്ടിലും ജോലിയില്ലാതെ ഇരിക്കുന്നവരാകരുത്. അവർക്ക് നല്ലൊരു വരുമാനം ലഭിക്കത്തക്കവിധം തയ്യലായാലും ട്യൂഷനായാലും കരകൗശല നിർമ്മാണമായാലും നടപ്പിലാക്കാനുള്ള സ്ഥലസൗകര്യങ്ങൾ ചെയ്തു കൊടുക്കുക.
6. മുദ്രാ ബാങ്ക്, കുടുംബശ്രീ, ആർട്ടിസാൻസ് തുടങ്ങിയ ചെറുകിട വ്യവസായ ലോണുകൾ എടുക്കാനായി ഒരു കൈത്താങ്ങും ഉല്പന്നങ്ങൾ മാർക്കറ്റ് ചെയ്യുവാനുള്ള സംവിധാനവും ഗൃഹനാഥനും ഗൃഹനാഥയ്ക്കും ചെയ്തുകൊടുക്കുക.
7. കമ്പ്യൂട്ടർ, ഇന്റർനെറ്റ് തുടങ്ങിയ സംവിധാനങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനും ‘കർമ്മവേദി‘കളുടെ നേതൃത്വത്തിൽ സൗകര്യമുണ്ടാക്കുക.
‘കർമ്മവേദി‘യുടെ നടത്തിപ്പിനായി ചെറിയ സംഭാവനകൾ സ്വീകരിക്കുന്നതിലും തെറ്റില്ല. ( ഇത്തരം പദ്ധതികൽ നടപ്പിലാക്കിയാൽ അതിനെ പ്രോത്സാഹിപ്പിക്കാൻ അനേകം സമുദായ സ്നേഹികൽ മുന്നോട്ടു വരുമെന്നതിൽ സംശയമില്ല). വരുമാനത്തിനനുസരിച്ച് കർമ്മവേദി അംഗങ്ങൾക്ക് ചെറിയ വേതനം കൈപ്പറ്റാവുന്നതാണ്.

No comments:

Post a Comment