Monday, September 28, 2015

വരൂ നമുക്ക് ഈ വ്യവസായ വായ്പ എടുക്കാം.

നിങ്ങൾക്കറിയാമോ വിശ്വകർമ്മജരുടെ അഖിലേന്ത്യാ സംഘടനയായ ആർട്ടിസാൻസ് വെൽഫയർ ഓർഗനൈസേഷന്റെ നിരന്തരമായ അഭ്യർത്ഥന മാനിച്ച് കേന്ദ്ര സർക്കാർ നടപ്പാക്കിയ സംവിധാനമാണ് ‘മുദ്രാ ബാങ്ക്‘. അതിന്റെ ഗുണങ്ങൾ വിശ്വകർമ്മജർ തീർച്ചയായും പ്രയോജനപ്പെടുത്തുക. 
സാമ്പത്തിക ഭദ്രതയില്ലായ്മയാണ് വിശ്വകർമ്മജർ ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം. അതിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ വ്യവസായത്തിലേക്ക് തിരിഞ്ഞാലേ പറ്റൂ. അത് പരമ്പരാഗതമായാലും മറ്റ് തരത്തിലുള്ളതായാലും വേണ്ടില്ല.
സൂക്ഷ്മ സംരംഭകർക്ക് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പക്ക് പല അകലങ്ങളും ഉണ്ടായിരുന്നു, അല്ലെങ്കിൽ ഇപ്പോഴും ഉണ്ട്. ചിലപ്പോൾ 'വലിയ' വായ്പയിൽ ആകും അനുവദിക്കുന്നവർക്ക് താത്പര്യം, മറ്റ് ചില അവസരങ്ങളിൽ ബാങ്ക് നിർദ്ദേശിക്കുന്ന കടലാസുകൾ തയാറാക്കി നൽകാൻ ഈ കുഞ്ഞ് യൂണിറ്റുകൾ നടത്തുന്നവർക്ക് സാധിക്കാതെ പോകുന്നത് അവർ സാമ്പത്തിക സാക്ഷരത ഇല്ലാത്തവരായതിനാലും. ഈ നിരക്ഷരത മുതലെടുത്ത് ആണ് കുബേര മാരും സമാന്തര 'മൊത്തമൂറ്റ്' കാരും ഇവർക്ക് വലിയ പലിശ നിരക്കിൽ വായ്പ കൊടുത്ത് ആത്യന്തികമായി അവരെ തകർക്കുന്നത്.
എങ്ങനെയെന്നല്ലേ? ആഴ്ചയ്‌ക്കോ അല്ലെങ്കിൽ ദിനം പ്രതിയോ തന്നെ 90 രൂപ തന്നിട്ട് 100 രൂപ തിരികെ വാങ്ങുന്ന ടീംസ് ഇവിടെ കാര്യമായി ഉണ്ട് എന്ന് കുബേര റെയ്ഡ് സമയത്ത് നമ്മൾ കണ്ട കാര്യം. ഇവിടെയാണ് തീരെ ലളിതമായ നടപടിക്രമത്തിലൂടെ. അതെ ഒറ്റ പേജുള്ള അപേക്ഷാഫോറം (ആദ്യകമന്റിൽ പിഡിഎഫ് രൂപത്തിൽ ഉള്ളത് പ്രിന്റെടുത്ത് ഉപയോഗിക്കാം) തയാറാക്കി സംരംഭക വായ്പ സുഗമമാക്കിയിരിക്കുന്നു.
ആർക്കൊക്കെ:
ബാർബർ ഷോപ്പ്-സലൂൺ മുതൽ ബ്യൂട്ടി പാർലർ വരെ, പർപ്പടകം ഉണ്ടാക്കുന്ന യൂണിറ്റ് മുതൽ അച്ചാർ നിർമാണം വരെ, ബാഗ് ഉണ്ടാക്കൽ മുതൽ ചെരുപ്പു തുന്നൽ വരെ, ഒരു തയ്യൽ മെഷീനുമായി വീട്ടിൽ ഇരുന്നു തയ്യൽ ജോലികൾ എടുക്കുന്നവർ മുതൽ ചെറുകിട ടെക്‌സ്റ്റൈൽ യൂണിറ്റ് നടത്തുന്നവർ വരെ, ഡിടിപി സെന്റർ മുതൽ ആപ്ലിക്കേഷൻ സ്റ്റാർട്ടപ്പ് വരെ എല്ലാവരും ഈ വായ്പക്ക് അർഹരാണ്.
നിലവിൽ യൂണിറ്റ് നടത്തുന്നവർക്കും, പുതുതായി ആരംഭിക്കുന്നവർക്കും, നടത്തിക്കൊണ്ട് പോകുന്ന സംരംഭം വിപുലീകരിക്കണമെന്ന് താത്പര്യം ഉള്ളവർക്കും ഒക്കെ മുദ്രാ ബാങ്ക് വായ്പ ലഭിക്കും
എവിടെ നിന്ന് : രാജ്യത്തെ എല്ലാ ബാങ്കിലും ഈ വായ്പ ലഭ്യമാണ്
എത്ര തുക വരെ : മൂന്ന് തരം വ്യവസായ-വാണിജ്യ-സംരംഭക വായ്പയാണ് മുദ്രാ പദ്ധതിയിൽ പെടുന്നത്.
1. ശിശു വായ്പ : രൂ.50,000 വരെ
2. കിഷോർ വായ്പ: രൂ.50,001 മുതൽ 5 ലക്ഷം വരെ
3. തരുൺ വായ്പ: രൂ.5 ലക്ഷത്തിനു മുകളിൽ 10 ലക്ഷം വരെ
കാർഷിക രംഗം പോലെ തന്നെ വൻതോതിൽ തൊഴിലവസരം പ്രദാനം ചെയ്യുന്നത് സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളാണ്. അവയെ ബാധിക്കുന്ന മുഖ്യപ്രശ്‌നങ്ങളിൽ ഒന്ന് താങ്ങാനാവുന്ന വായ്പയുടെ സാർവത്രിക ലഭ്യത (access to low cost loan) തന്നെ.
എത്രമാത്രം: ഒരോ സംരംഭത്തിനും ആവശ്യമായ പണാവശ്യകത കണക്കുകൂട്ടുക. അത് യന്ത്രങ്ങൾ വാങ്ങാനാകാം, ഉപകരണങ്ങൾ സംഘടിപ്പിക്കാൻ അല്ലെങ്കിൽ കെട്ടിടം കെട്ടാൻ. ഇങ്ങനെ ഒറ്റത്തവണ ആവശ്യം ഉള്ള ധനാവശ്യത്തെ നിശ്ചിതകാല വായ്പ അഥവാ ടേം ലോൺ എന്നാണ് വിളിക്കുന്നത്. ഇത് ഉദാ: 7 വർഷത്തിനകം അടച്ച് തീർത്താൽ മതി.
ഇത് മാത്രം കൊണ്ട് ആയില്ലല്ലോ. ഫാക്ടറി അഥവാ യൂണിറ്റ് നടത്തിക്കൊണ്ട് പോകണമെങ്കിൽ ആവർത്തന ചിലവ് അല്ലെങ്കിൽ പ്രവർത്തന മൂലധനം ആവശ്യമുണ്ട്. ഇതിനെ വർക്കിംഗ് ക്യാപ്പിറ്റൽ എന്നും പറയും. ഒരു നിശ്ചിത കാലയളവിൽ ഉദാ: മൂന്ന് മാസം അല്ലലില്ലാതെ പ്രവർത്തിപ്പിക്കാൻ ഉള്ള അസംസ്കൃത പദാർത്ഥം നാടൻ ഭാഷയിൽ പറഞ്ഞാൽ ചരക്കെടുക്കാൻ ഉള്ള സഹായം.
നിശ്ചിത കാല വായ്പയും (Term Loan) പ്രവർത്തന മൂലധനവും (Working Capital Loan) എത്ര വേണം എന്ന് കണക്കാക്കുക. ഇതിനായി മറ്റുള്ളവരുടെയോ അല്ലെങ്കിൽ ബാങ്കിൽ തന്നെയോ സഹായം തേടാം. ഓ. ഇതൊക്കെ പറയാൻ എളുപ്പം കണക്കാക്കുന്നത് ഒക്കെ ചടങ്ങാ എന്ന് കരുതേണ്ട. ജില്ലാ വ്യവസായ കേന്ദ്രം, താലൂക്ക്/ജില്ലാ തലത്തിൽ ഉള്ള സാമ്പത്തിക സാക്ഷരതാ കേന്ദ്രങ്ങളെ ഒക്കെ സമീപിക്കാം. അതുമല്ലങ്കിൽ ഒരു കൈ സഹായം ചെയ്യാൻ സുമനസുകൾ ഫേസ്ബുക്കിലും ഉണ്ടാകുമല്ലോ. പറഞ്ഞ് വരുന്നത് സാമ്പത്തിക സാക്ഷരതയെ പറ്റിയാണ്.
ഇനി എപ്പോഴും ബാങ്കിൽ പോകാനെവിടെ സമയം എന്നാണ് ആശങ്ക എങ്കിൽ അതിനുമുണ്ട് ഒരു ചെറിയ സാങ്കേതിക സഹായം. ഈ ചെറിയ യൂണിറ്റ് നടത്തുന്നവർക്ക് അനുവദിച്ച പ്രവർത്തന മൂലധനത്തിൽ ഒരു ഭാഗം 'മുദ്രാ ബാങ്ക് റുപ്പെ കാർഡ്' ലഭിക്കും. ഇതുപയോഗിച്ച് സംരംഭത്തിനു ആവശ്യമായ സംഭരണം നടത്താം
ഓ ഇതൊക്കെ പറയാൻ എളുപ്പം. ബാങ്കിൽ വരുമ്പോൾ അറിയാം എന്ന് പറയാൻ വരട്ടെ. നിങ്ങൾക്ക് ഈ വായ്പ കാരണമില്ലാതെ അല്ലെങ്കിൽ തൊടുന്യായം പറഞ്ഞ് നിരാകരിക്കുക ആണെങ്കിൽ അതാത് ബാങ്കിന്റെ മേഖലാ/സോണൽ/സർക്കിൾ ഓഫീസിലേക്ക് എഴുതുക അല്ലെങ്കിൽ വിളിക്കുക. അതും പോരെങ്കിൽ ജില്ലാ ലീഡ് ബാങ്ക് ഓഫീസിൽ ബന്ധപ്പെടാം. മുദ്രാബാങ്കിലേക്കും ഇ-മെയിൽ അയക്കാം.
ഇതിന്റെ ഒന്നും ആവശ്യം വരില്ല. നമ്മൾക്ക് ചെയ്യാവുന്നത് ഇത്രയെങ്കിലും ആകില്ലേ? വിടിന്റെ സമീപത്തുള്ള സംരംഭകരോട് അത് എന്ത് വലിപ്പമുള്ളതുമാകട്ടെ, എന്ത് അവസ്ഥയിലുള്ളതും ആകട്ടെ അവർക്ക് ഉചിതമായ വായ്പ ഇന്ന് എളുപ്പമാണ് എന്ന് പറഞ്ഞ് കൊടുക്കുക. കുബേര യുടെ പിടിയിൽ നിന്ന് മോചിപ്പിക്കാനാകുന്നത് പതിയെ അവർക്ക് സാമ്പത്തിക സാക്ഷരതയും ചെറിയ വായ്പയും ഒക്കെ സംഘടിപ്പിച്ച് നൽകിയാണ്, അതിൽ നമുക്ക് ചെയ്യാനാകുന്നത് ചെയ്യുക.
വിരാമതിലകം: എടുക്കുന്ന വായ്പ സംരംഭത്തിന്റെ ആവശ്യത്തിന് തന്നെ ഉപയോഗിക്കുക. വക മാറ്റുന്നത് ഒരു തരത്തിലും ഗുണം ചെയ്യില്ല, ഉചിതമായി വായ്പ പ്രയോജനപ്പെടുത്തി വ്യവസായം,വ്യാപാരം അഭിവൃദ്ധിപ്പെടുന്നത് അനുസരിച്ച് വായ്പ വീണ്ടും ഉയർത്തി (enhancement) നൽകുന്നതിനും മുദ്രാബാങ്കിൽ വ്യവസ്ഥ ഉണ്ട്. ഇത് ആരുടെയും - ബാങ്കിന്റെയും സർക്കാരിന്റെയും ഒക്കെ തന്നെ- ഔദാര്യമല്ല, രാജ്യത്തെ എല്ലാ അസംഘടിതരുടെയും കോർപ്പറേറ്റ് ഇതര യൂണിറ്റുകളുടെയും അവകാശമാണ്. അതും അറിയുക
ഒടുവിലാൻ: തീർന്നില്ല, ഒരു ബാങ്ക് ശാഖയിൽ നിന്ന് കുറഞ്ഞത് ഒരു സ്റ്റാർട്ടപ്പ് വ്യവസായ വായ്പ പിന്നാലെ വരുന്നുണ്ട്. രാജ്യത്ത് ഒരു ലക്ഷത്തിലേറെ ബാങ്ക് ശാഖകൾ ഉണ്ട് എന്നും അറിയാമല്ലോ.
ഒരു ഉപകാരം ചെയ്യുമോ?
താങ്കളുടെ ബന്ധുവോ വിശ്വകർമ്മ സുഹൃത്തോ സ്വന്തമായി എന്തെങ്കിലും ചെറിയ (10ലക്ഷത്തിനു താഴെ) ബിസിനസ് ചെയ്യാൻ താല്പര്യമുള്ളവരായുണ്ടെങ്കിൽ ഈ വാർത്ത അറിയിക്കുമോ? വിശദ വിവരം അടുത്തുള്ള ഏതു ബാങ്കിൽ അന്വേഷിച്ചാലും അറിയാം. ഓർക്കുക നിത്യതൊഴിലിനായി പോകുന്ന ഒരു വിശ്വകർമ്മജനും നിങ്ങൾ പറയാതെ ഈ വാർത്ത അറിയാൻ പോകുന്നില്ല.

Friday, May 31, 2013

ജഗതിയുടെ ദുബായ് പ്രസംഗം

PART-1
video
 
PART-2
video
 
PART-3
video
 
PART-4
video
 
 
PART-5
video
 
PART-6
video

Sunday, January 8, 2012

Viswakarma & Vishwakarma

Chapter-4
Chapter-3
Chapter-2


Chapter-1


Sunday, December 4, 2011

സ്വയം വളരുക സഹോദരങ്ങളെ കൈപിടിച്ചുയര്‍ത്തുക

സ്വയം വളരുക സഹോദരങ്ങളെ കൈപിടിച്ചുയര്‍ത്തുക

കേരളത്തില്‍ വിശ്വകര്‍മ്മജര്‍ ഇല്ലാത്ത ഏതെങ്കിലും ഗ്രാമമോ പട്ടണമോ ഉണ്ടെന്നു തോന്നുന്നില്ല. മറ്റുള്ളവരുടെ പര്യമ്പുറത്ത്(വീടിന്റെ പുറകുവശം) പോയിരുന്ന് അന്നന്നേക്കുള്ള അന്നത്തിനുള്ള പണമുണ്ടാക്കുന്നതിനു്‌ വേണ്ടി എല്ലുമുറിയെ പണിയെടുക്കുന്നവരാണ്‌ ബഹു ഭൂരിപക്ഷം വിശ്വകര്‍മ്മജരും എന്നതാണ്‌ സത്യം.

ഇന്ന് തെങ്ങു കയറ്റക്കാര്‍ക്കു പോലും അവര്‍ നിശ്ചയിക്കുന്ന വിലയാണ്‌ ഓരോ ദിവസവും. എന്തേ വിശ്വകര്‍മ്മജര്‍ക്കു മാത്രം മറ്റുള്ളവര്‍ വിലയിടുന്നു?

വിശ്വകര്‍മ്മജരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യക്കാരില്ലാത്തതാണോ അതോ വിലയില്ലാത്തതാണോ പ്രശ്നം?

അല്ല. അവര്‍ സംഘടിതരല്ല, അവര്‍ക്കു വേണ്ടി വാദിക്കാന്‍ ആരുമില്ല എന്നതാണ്‌ പ്രധാന പ്രശ്നം. '

വിശ്വകര്‍മ്മ സമൂഹം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി സാമ്പത്തികമായ പിന്നോക്കാവസ്ഥയാണ്. ഇന്ന് കേരളത്തിലെ 90% വിശ്വകര്‍മ്മജരും പരമ്പരാഗത തൊഴില്‍ മേഖലയില്‍ പണിയെടുക്കുന്നവരും അതുകൊണ്ടുതന്നെ സാമ്പത്തികമായി ദുരിതം അനുഭവിക്കുന്നവരുമാണ്.

ഒരു വ്യവസായിയുടെ പ്രധാന ലക്ഷ്യം, ഏറ്റവും ചുരുങ്ങിയ ചെലവില്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുകയും ഏറ്റവും കൂടുതല്‍ ലാഭം ഉണ്ടാക്കുകയും ചെയ്യുക എന്നുള്ളതാണ്‌. അതിനാല്‍ത്തന്നെ കുറഞ്ഞ കൂലിയില്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുക എന്നത് അവരുടെ ആവശ്യവുമാണ്‌.

ഇവിടെ പണിയെടുക്കുന്നവര്‍ ചൂഷണം ചെയ്യപ്പെടുകയും കുറഞ്ഞ വേതനത്തില്‍ കൂടുതല്‍ പണിയെടുക്കേണ്ടിയും വരുന്നു. ജീവിതകാലം മുഴുവന്‍ എല്ലുമുറിയെ പണിയടുത്താലും, കുട്ടികളുടെ വിദ്യാഭ്യാസം നടത്താനോ സ്വന്തമായി ഒരു കൂരയുണ്ടാക്കാനോ അവന് കഴിയാറില്ല. അതിന് പ്രധാന കാരണം വ്യാവസായിക മേഖലയില്‍ ഇന്ന് നടമാടുന്ന ചൂഷണം തന്നെ.

ഇന്ന് മാര്‍ക്കറ്റില്‍ ലഭിക്കുന്ന ഒട്ടുമിക്ക ഉല്‍പ്പന്നങ്ങളുടേയും സൃഷ്ടികര്‍ത്താക്കള്‍ വിശ്വകര്‍മ്മജരാണെങ്കിലും അതില്‍ നിന്ന് സാമ്പത്തിക നേട്ടം കൊയ്യുന്നത് ഇടനിലക്കാരും കച്ചവടക്കാരുമാണ്.

 ഈ സ്ഥിതി വിശേഷം മാറ്റിയെടുക്കാന്‍ ഇന്നുവരെ ആരും ശ്രമിച്ചിട്ടുള്ളതായി കാണുന്നില്ല. അങ്ങിനെ അവര്‍ നന്നായി കാണാന്‍ ആരും ആഗ്രഹിക്കുന്നില്ല എന്നതു തന്നെ കാരണം. അവര്‍ നാന്നായാല്‍ അവരെ ചൂഷണം ചെയ്ത് വന്‍ ലാഭം കൊയ്യാന്‍ കഴിയില്ല.
'
ഉല്‍പ്പന്നങ്ങള്‍ സ്വയം നിര്‍മ്മിക്കുന്നവന്‌ മാര്‍ക്കറ്റ് ചെയ്യാന്‍ ഒരിക്കലും കഴിയുകയില്ല. കാരണം ലളിതമാണ്‌. നിര്‍മ്മാണ മേഖലയും വിതരണ മേഖയും രണ്ടും രണ്ടാണ്‌ എന്നത് തന്നെ.

നാമെന്നും വെള്ളം കോരികളും വിറകു വെട്ടികളുമായി അധഃപതിച്ചു പോകുന്നതിന്‌ പ്രധാന കാരണവും ഇതൊക്കെ തന്നെയാണ്‌.

അല്‍പ്പം മാറിചിന്തിച്ച് വ്യവസായിക മേഖലയിലേക്ക് തിരിഞ്ഞവര്‍ മാത്രമാണ് ഇന്ന് സാമ്പത്തികമായി ഉന്നതിയില്‍ നില്ക്കുന്ന വിശ്വകര്‍മ്മജര്‍.

നമ്മെ രക്ഷിക്കാന്‍, നമ്മെ നയിക്കാന്‍, നമുക്കു വേണ്ടി വാദിക്കാന്‍ ആരെയാണ്‌ നാം കാക്കുന്നത്? ഇതിനൊക്കെ ആര്‍ക്കാണ്‌ സമയം? ഇന്ന് സമയമാണ്‌ പണം. സമയം കൃത്യനിഷ്ടമായും ഉപയോഗപ്രദമായും ഉപയോഗിക്കുന്നവന്‍ മാത്രമേ ഉയര്‍ച്ചയിലേക്ക് പോവുകയുള്ളൂ. അങ്ങിനെ ചെയ്യാത്തവന്‍ ഉയര്‍ച്ച സ്വപ്നം കാണേണ്ടതില്ല. പണി ചെയ്യാത്തവന്‍ മടിയന്മാരാകുന്നു മടിയന്മാര്‍ വീട്ടിനു ഭാരവും അങ്ങിനെ നാട്ടിനും ഭാരമാകുന്നു.

പണം, അതില്ലെങ്കില്‍ നമുക്ക് എത്ര വേണ്ടപ്പെട്ടവരായാലും നമ്മെ അകറ്റിനിര്‍ത്താന്‍ ശ്രമിക്കും. ഈ അവസ്ഥക്ക് മാറ്റം വരേണ്ടകാലം അതിക്രമിച്ചിരിക്കുന്നു. മാറ്റം വരുത്താന്‍ നമുക്കോരോരുത്തര്‍ക്കും ഉത്തരവാദിത്വം ഉണ്ട്. മടി കളഞ്ഞ് ഊര്‍ജ്ജസ്വലതയോടെ ഉയിര്‍ത്തെഴുന്നേല്‍ക്കേണ്ടിയിരിക്കുന്നു.

നാഗസാക്കി, ഹിരോഷിമ ബോംബ് വര്‍ഷത്തോടെ തകര്‍ന്നു തരിപ്പണമായ ജപ്പാനിലെ ഓരോരുത്തരും ഒരോ ദിവസത്തിലേയും 24 മണിക്കൂറില്‍ 18 മണിക്കൂറും കഠിനാദ്ധ്വാനം ചെയ്താണ്‌ ലോകത്തിലെ തന്നെ വന്‍ ശക്തിയായി തിരിച്ചു വരവു നടത്തിയത്.

ജപ്പാനിലെ ഓരോ വീടും ഓരോ ചെറുകിട വ്യവസായ ശാലകളാണ്‌. അവിടെ ജോലി ചെയ്യുന്ന കാര്യത്തില്‍ സ്ത്രീക്കും പുരുഷനും തുല്യ പങ്കാണ്‌. അങ്ങിനെ നിര്‍മ്മിക്കപ്പെടുന്ന ഓരോ ഉല്‍പ്പന്നങ്ങളും ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും മികച്ചവയുമാണ്‌.

പറയുന്നത് കേട്ടിട്ടില്ലേ "ആള്‍ ജപ്പാനാണ്"എന്ന്?

അതാണ്‌ നിശ്ചയദാര്‍ഢ്യത്തിന്റെ വില. ഒന്നാലോചിച്ചു നോക്കൂ ജപ്പാന്‍കാരെക്കാളും കുലമഹിമയിലും ബുദ്ധിശക്തിയിലും മികച്ചവരല്ലേ കേരളത്തിലെ വിശ്വകര്‍മ്മജര്‍?

ജപ്പാന്‍കാരന്‍ ഒരു കസേര ഉണ്ടാക്കണമെങ്കില്‍ ആദ്യം ഡിസൈനര്‍ അതിന്റെ ഡിസൈന്‍ തയ്യാറാക്കും രണ്ടാമതായി സെറ്റര്‍ ഔട്ടര്‍ ഷോപ് ഡ്രായിങ്ങ് തയ്യാറാക്കും മൂന്നാമത്തെയാള്‍ കട്ടിങ്ങ് ലിസ്റ്റ് തയാറാക്കും പിന്നീട് പ്രൊഡക്ഷന്‍ എഞ്ചിനീയര്‍ മുഖേന കാര്‍പ്പെന്ററുടെ അടുത്തെത്തും . കാര്‍പ്പെന്റര്‍ അതു നിര്‍മ്മിക്കും .

എന്നാല്‍ കേരളത്തിലെ വിശ്വകര്‍മ്മജനോ? മേല്‍ പറ്ഞ്ഞ 5 പേരുടെ ജോലിയും ക്വാണ്ടിറ്റി സര്‍വേയര്‍, എസ്റ്റിമേറ്റര്‍ തുടങ്ങിയ എല്ലാ ജോലികളും ഒറ്റക്കല്ലേ ചെയ്യുന്നത്?

അപ്പോള്‍ ആരാണ്‌ മികച്ചവര്‍?

ഇത് ആത്മപ്രശംസയാണോ? പരമമായ സത്യമല്ലേ?

 എന്നിട്ടാണോ നാം നമ്മുടെ സ്വത്വം വെളിപ്പെടുത്താന്‍ മടിക്കുന്നത്? വിശ്വകര്‍മ്മജനാണെന്നു പറയാന്‍ നാണിക്കുന്നത്? ഇങ്ങിനെ പിന്നിലേക്കു മാറി നില്‍ക്കുന്നവരെ നമുക്ക് മുന്നിലേക്കു കൊണ്ടു വരേണ്ടിയിരിക്കുന്നു.

ഇതില്‍ അഭ്യസ്ത വിദ്യരായ വിശ്വകര്‍മ്മ യുവാക്കളുടെ സേവനം അത്യന്താപേക്ഷികമാണ്‌. അവരെ എത്ര പ്രയത്നിച്ചും സംഘടിപ്പിക്കേണ്ടിയിരിക്കുന്നു.

അപ്പോഴാണ്‌ ഒരു ചോദ്യമുയരുന്നത്, എന്താ നമുക്കല്ലേ ഏറ്റവും കൂടുതല്‍ സംഘടനകള്‍ ഉള്ളത്?

അതെ ശരിയാണ്‌. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സംഘടനകള്‍ ഉള്ള സമുദായം വിശ്വകര്‍മ്മ സമുദായം മാത്രമാണ്‌.

ആ സംഘടനയല്ല ഇവിടെ ഉദ്ദേശിച്ചത്. ഓരോ പ്രദേശത്തേയും വിദ്യാസമ്പന്നരായ വിശ്വകര്‍മ്മ യുവാക്കള്‍ കൊടികള്‍ മറന്ന് സമുദായ ഉന്നമനത്തിന്നായി ഓരോ സമുദായാംഗങ്ങളേയും പര്യമ്പുറത്തു നിന്ന് പൂമുഖത്തേക്ക് കൊണ്ടു വരുവാന്‍ മുന്നിട്ടിറങ്ങുക.

ഇതാണ്‌ ഞാനുദ്ദേശിച്ച സംഘടന.

മറ്റു സംഘടനകള്‍ അങ്ങിനെ തന്നെ തുടരട്ടെ. നമ്മുടെ ലക്ഷ്യം രാഷ്ട്രീയ നേട്ടം അല്ല. സമുദായ ഉയര്‍ച്ച മാത്രമാണ്‌. അതിനു വേണ്ടിയുള്ള ഒരു ടീം വര്‍ക്ക്. നമ്മെ ഭിന്നിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന ശക്തികളെ ഗൌനിക്കാതിരിക്കുക. നമ്മുടെ കുട്ടികളെ ഞാന്‍ വിശ്വകര്‍മ്മജനാണെന്നു നെഞ്ചു വിരിച്ചു നിന്ന് പറയാന്‍ പ്രാപ്തനാക്കുക.

നമ്മുടെ പഴയകാല നേതാക്കന്മാരുടെ പാളിച്ചകള്‍ എന്തെല്ലാമായിരുന്നു എന്ന് ചര്‍ച്ച ചെയ്ത് വിലയിരുത്തുക. അവരെ പഴിക്കുന്നതിനു പകരം സൃഷ്ടിപരമായ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയും പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും ശ്രമിക്കുക.

നമ്മെ നയിക്കാനായി ഒരു യുഗ പുരുഷന്‍ ഉടലെടുക്കുന്നതു വരെ കാക്കാന്‍ നമുക്ക് സമയമില്ല.

നേതൃത്വം സ്വയം ഏറ്റെടുക്കുക. നിങ്ങളുടെ പ്രദേശത്ത് ഒരു സഹകരണ സംഘം തുടങ്ങിയോ മറ്റു കേന്ദ്ര സംസ്ഥാന വ്യവസായ സംരംഭക വായ്പകള്‍ സംഘടിപ്പിച്ചോ കഴിയുന്നത്ര ആധുനിക ഉപകരണങ്ങള്‍ ഉള്‍പ്പെടുത്തി ഓരോ വര്‍ക്ക്ഷോപ്പുകള്‍ (വ്യവസായ യൂണിറ്റുകള്‍) തുടങ്ങുക.ഇത് ആശാരി, മൂശാരി, കൊല്ലന്‍ , തട്ടാന്‍ എന്നിങ്ങനെ പക്ഷാ ഭേദമില്ലാതെഎല്ലാവരും ചേര്‍ന്ന് വ്യവസായ യൂണിറ്റ് തുടങ്ങുന്നതിനും അതിന്റെ ഭരണപരമായ നടത്തിപ്പിനും , ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനും നിങ്ങള്‍ തന്നെ നേതൃത്വം കൊടുക്കുക. വിദ്യാഭ്യാസമുള്ള യുവാക്കള്‍ക്കും തൊഴില്‍ കണ്ടെത്താനുള്ള അനന്ത സാധ്യതകള്‍ ഇതില്‍ നിന്ന് തെളിഞ്ഞു വരുന്നത് കാണാം.


സസ്നേഹം 

വക്കം ജി ശ്രീകുമാര്‍


Read VOV Magazine Voice of Viswakarma (Free online Magazine) http://www.vovmagazine.com/