Monday, October 19, 2015

പിന്നെന്തുകൊണ്ട് നമ്മളിങ്ങിനെയായി? ചിന്തിച്ചിട്ടുണ്ടോ?

ജന്മസിദ്ധമായി വിശ്വകർമ്മജർക്ക് ദൈവം തന്നിരിക്കുന്ന കഴിവുകൾ അനന്തവും അപാരവുമാണ്.
പിന്നെന്തുകൊണ്ട് നമ്മളിങ്ങിനെയായി? ചിന്തിച്ചിട്ടുണ്ടോ?


ഭയം. 
ന്തു കാര്യത്തിനിറങ്ങുന്നതിനും ഭയം. സ്വന്തമായി ഒരു കാര്യം ചെയ്യാനൊരുങ്ങുമ്പോൾ രാഹുകാലം, ഗുളിക കാലം, പല്ലി ചിലച്ചു, പട്ടി കുരച്ചു, പൂച്ച ചാടി. കൂടെ മറ്റുള്ളവർ പരാജയപ്പെട്ടതിന്റെ കഥകൾ... എന്നും നമ്മെ ഉയർച്ചയുടെ പടവുകളിൽ നിന്ന് താഴോട്ടു വലിച്ചിടുന്ന ഘടകങ്ങളിൽ ചിലതു മാത്രമാണിത്. വിശ്വാസം ആകാം. അന്ധമായ വിശ്വാസമായാലോ? തീരെ വിദ്യാഭ്യാസം കുറഞ്ഞ പൂർവികർ തലമുറകളായി നമ്മെ പഠിപ്പിച്ചു വെച്ചിരിക്കുന്ന വിശ്വാസങ്ങളിൽ പലതും അന്ധവിശ്വാസങ്ങളാണ്. അത് തിരിച്ചറിയാതെ, ഉയരത്തിലേക്കുള്ള പടികൾ കയറുക അസാദ്ധ്യം. ജനിച്ച അന്നു മുതൽ ചങ്ങലയുള്ളവൻ വിചാരിക്കുന്നത് ആ ചങ്ങല അവന്റെ ശരീരാവയവമാണെന്നും അതു മാറ്റിയാൽ അവനു ജീവിക്കാൻ കഴിയില്ല എന്നുമാണ്. പലരും സമ്മതിക്കാൻ കൂട്ടാക്കില്ല എന്നെനിക്കറിയാം. എന്നാലും പറയട്ടെ. നമ്മുടെ വീട്ടിൽ ഒരു കുഞ്ഞു ജനിക്കുന്നതുമുതൽ നാം നമുക്ക് പിതാമഹന്മാർ കനിഞ്ഞു നൽകിയ അന്ധവിശ്വാസങ്ങൾ അവനെ പഠിപ്പിക്കുന്നു. 
ഒരിക്കൽ ഒരു തമിഴ്നാട്ടുകാരൻ 10 വയസുള്ള മകനുമായി തീർത്ഥാടനത്തിനിറങ്ങി. അനേകം അമ്പലങ്ങൾ സന്ദർശിച്ചു. ഒടുവിൽ ഭക്ഷണം കഴിക്കാനായി ഒരു ഹോട്ടലിൽ കയറി. ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ അവൻ ഒരു കല്ലു കടിച്ചു. ഉടനേ അവൻ ഭയത്തോടെ ചാടിയെണീറ്റ് അച്ഛനോടു പറഞ്ഞു “ഞാൻ ഒരു ചിന്ന കടവുളേ സാപ്പിട്ടേനപ്പാ. നാനിനി എന്ന പണ്ണുവേൻ“.
|നമ്മുടെ സ്ഥിതിയും ഇതിൽ നിന്നും വിഭിന്നമല്ല. നമ്മുടെ മനസ്സിലും അന്ധവിശ്വാസങ്ങൾ രൂഢമൂലമായിരിക്കുന്നു. നമ്മുടെ മനസിൽ ആഴത്തിൽ വേരൂന്നിയ അന്ധവിശ്വാസങ്ങളെ സ്വന്തം കാഴ്ച്ചപ്പാടിലൂടെ ഒന്നൊന്നായി മാറ്റിയെടുക്കുക. വിശ്വാസങ്ങൾ; ചിട്ടയോടെ ജീവിതം നയിക്കാനും, മറ്റുള്ളവരോട് നല്ല രീതിയിൽ പെരുമാറാനുമൊക്കെയുള്ള ഒരു പരിശീലനം മാത്രമാണ് എന്ന് അറിയുക. അനാവശ്യ ഭയങ്ങൾ മനസിൽ നിന്ന് മാറ്റി, ‘ഞാൻ വിശ്വകർമ്മജനാണ് എന്തു പ്രവൃത്തിക്കായാലും ഞാനിറങ്ങിയാൽ വിജയിക്കും, കാരണം ജന്മസിദ്ധമായിരിക്കുന്ന എന്റെ കഴിവുകൾ അപാരമാണ് അത് മറ്റുള്ളവരാണ് മുതലെടുക്കുന്നത്, ഒരുപണിയുമറിഞ്ഞുകൂടാത്ത മറ്റുള്ളവർ എന്നെക്കൊണ്ട് പണമുണ്ടാക്കുന്നു. വളരെയേറെ കഴിവുള്ള ഞാൻ ഇന്നും ദാരിദ്ര്യത്തിൽ നിന്ന് മോചനം നേടിയിട്ടില്ല. എന്റെ കഴിവുകൾ എന്റേയും സഹജീവികളുടേയും ഉയർച്ചക്കായി ഉപയോഗിച്ചാലെന്താ?‘ എന്ന് മനസിനെ പരുവപ്പെടുത്തി എടുക്കൂ. അനാവശ്യ ഭയത്തെ ഉപേക്ഷിക്കൂ. സ്വന്തം കുടുംബത്തെ ഉന്നതിയിലെത്തിക്കാൻ, കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാൻ സ്വന്തമായി നല്ലൊരു കിടപ്പാടം ഉണ്ടാക്കാൻ ആധുനികമായ സംരംഭങ്ങൾ സ്വയം കണ്ടെത്തൂ. അല്ലെങ്കിൽ നാം കൂടുതൽ കുടുതൽ മൂലയിലേക്ക് തള്ളപ്പെടും. കാരണം നമുക്കു ചുറ്റുമുള്ളവർ അതിവേഗമാണ് വളരുന്നത്. അവരോട് അസൂയപ്പെട്ടിട്ട് കാര്യമില്ല.
ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ കഴിവില്ലാത്തവർ വിജയിച്ച ചരിത്രമില്ല.
ശുഭാശംസകളോടെ
വക്കം ജീ ശ്രീകുമാർ

No comments:

Post a Comment