Friday, April 16, 2010

ക്രീമിലെയര്‍ അഥവാ ചതിക്കുഴി

ക്രീമിലെയര്‍ അഥവാ ചതിക്കുഴി


സ്വാതന്ത്യ്രലബ്ധിക്ക് മുമ്പുതന്നെ ദളിതന്മാരുടെയും മറ്റ് പിന്നാക്കക്കാരുടെയും ഉപബോധമനസില്‍ സാമൂഹ്യ അനാചാരങ്ങള്‍ക്കെതിരേ പ്രതികരിക്കാനുള്ള ആത്മരോഷത്തിന്റെ കനലുകള്‍ നീറിയിരുന്നു എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഒരു ദളിതന്‍ ജീവിക്കുന്ന സാമൂഹ്യ പശ്ചാത്തലം എല്ലാക്കാലത്തും ഒരു അടിച്ചമര്‍ത്തല്‍ ശക്തിയായി പ്രവര്‍ത്തിച്ചിരുന്നു. അതുകൊണ്ടാണ് ഈ സാമൂഹ്യ അനീതിക്കെതിരെ അര്‍ത്ഥവത്തായി പ്രതികരിക്കാന്‍ അവര്‍ സഹസ്രാബ്ദങ്ങളോളം പരാജയപ്പെട്ടത്. ദേശീയമാദ്ധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ നിര്‍ണായക തീരുമാനമെടുക്കാന്‍ സാധിക്കുന്ന ഉന്നത ഉദ്യോഗങ്ങളില്‍ വിരാജിക്കുന്നത് ഒ.ബി.സി 4 ശതമാനം മുസ്ളിം 4 ശതമാനം ക്രിസ്ത്യന്‍ 3 ശതമാനം എസ്.സി/ എസ്.ടി 0 ശതമാനം വരേണ്യവര്‍ഗ്ഗം 85 ശതമാനം എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ ദളിതന്റെയും പിന്നാക്കക്കാരന്റെയും ശബ്ദം ഇന്നും പുറംലോകം കേള്‍ക്കുന്നില്ല. 85 ശതമാനത്തിന്റെ കരാള ഹസ്തങ്ങളില്‍ സംവരണത്തിനുവേണ്ടിയുള്ള പോരാട്ടങ്ങള്‍ അമര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു.



പ്രതികരിക്കാനുള്ള പിന്നാക്കക്കാരന്റെ ഇച്ഛാശക്തി തകര്‍ക്കാനുള്ള ആസൂത്രിതമായുള്ള ശ്രമങ്ങള്‍ സ്വാതന്ത്യ്രലബ്ധിക്കുമുമ്പ് തന്നെ കോണ്‍ഗ്രസ് പോലുള്ള ദേശീയ പ്രസ്ഥാനങ്ങളില്‍പോലും ശക്തിയാര്‍ജിച്ചിരുന്നതിന് കാരണവും മറ്റൊന്നല്ല. മഹാത്മജിയില്‍പോലും ഈ സ്വാധീനം എത്രകണ്ട് ഉണ്ടായിരുന്നു എന്ന് മനസിലാക്കുന്നതിന് ഗയില്‍ ഓംവര്‍ട്ടിന്റെ 'ദളിതന്മാരും ജനാധിപത്യ വിപ്ളവവും' എന്ന പുസ്തകം വായിച്ചാല്‍ മതിയാകും.



അടിച്ചമര്‍ത്തപ്പെട്ട ഒരു പിന്നാക്കക്കാരന്റെ മനസിന് ഒരു ദ്വന്ദ്വസ്വഭാവമുണ്ടായിരിക്കും. ആക്രമണകാരിയായിരിക്കാനും ശാന്തനായിരിക്കാനുമുള്ള ഇടവിട്ടുള്ള അവസ്ഥാവിശേഷമാണ് അത്. ഉന്മാദാവസ്ഥയിലെ ആക്രമണ സ്വഭാവത്തിനെ സ്കിസോഫ്രീനിക്ക് അവസ്ഥയെന്നും ശാന്തമായിരിക്കാനുള്ള രണ്ടാമത്തെ അവസ്ഥയെ "സ്കിസോയിഡ്" അവസ്ഥയെന്നും വിളിക്കുന്നു. മുന്നാക്കക്കാരന്‍ പല്ലും നഖവും ഉപയോഗിച്ച് നിലനിറുത്തിയിരിക്കുന്ന ചാതുര്‍വര്‍ണ വ്യവസ്ഥിതിയുടെ ശക്തി, പോരാടുന്നതിനുള്ള പിന്നാക്കക്കാരന്റെ "സ്കിസോഫ്രീനിക്ക്" അവസ്ഥയെ "സ്കിസോയ്ഡ്" അനുഭവമായി അടിച്ചമര്‍ത്തുന്നു. ഭയം ഇവിടെ ഒരു മുഖ്യ ഹേതുവായി വര്‍ത്തിക്കുന്നു. ഭൂരിഭാഗം വരുന്ന പിന്നാക്കക്കാരന് ന്യൂനപക്ഷമായ മുന്നാക്കക്കാര്‍ക്കെതിരേ പോരാടാന്‍ കഴിയാത്തതിന്റെ മന:ശാസ്ത്രമിതാണ്.



ഈ സങ്കീര്‍ണതയുടെ ഊരാക്കുടുക്കില്‍നിന്ന് അവന്‍ പുറത്ത് വരാന്‍ ശ്രമിക്കുമ്പോഴൊക്കെ അവന്റെ ബൌദ്ധികവും ധിക്ഷണാപരവുമായുള്ള വികാസം അസാദ്ധ്യമാക്കുന്ന ആചാരങ്ങളും വ്യവസ്ഥകളും കര്‍ക്കശമാക്കി അവന്റെ ജനിതകഭൂപടത്തില്‍ നാളിതുവരെ നാശം വിതച്ചവര്‍ പുതിയ വാദഗതികളുമായി മുന്നോട്ട് വരുന്നതിന്റെ ചിത്രമാണ് വര്‍ത്തമാനകാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും പുതിയ പ്രതിഭാസം. വിദ്യാഭ്യാസംകൊണ്ട് മാത്രമാണ് അവനെ കരകയറ്റാന്‍ സാധിക്കുന്നതെന്ന ശ്രീനാരായണഗുരുദേവന്റെ കണ്ടെത്തല്‍ കഴിഞ്ഞ ഒരു നൂറ്റാണ്ട് കാലത്തിലേറെയായി പിന്നാക്കക്കാരന് തുണയായിരുന്നു. വിദ്യാഭ്യാസം ചെയ്ത് അവന്‍ ബൌദ്ധികമുന്നേറ്റം നടത്തിയതും അവന്റെ കുട്ടികളുടെ ജനിതകമാറ്റം കൂടുതല്‍ ബൌദ്ധികവളര്‍ച്ചയ്ക്ക് അവരെ സജ്ജരാക്കുന്നതുംകണ്ട് വരേണ്യവര്‍ഗ്ഗം ഈ നൂറ്റാണ്ടില്‍ അസഹിഷ്ണുക്കളാകുന്നതുകൊണ്ടാണ് 'ക്രീമിലെയറെ'ന്നും 'നോണ്‍ ക്രീമിലെയറെ'ന്നും വേര്‍തിരിച്ച് അവനെ പിന്നോട്ടടിക്കാനുള്ള കുത്സിത ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ അവര്‍ പ്രേരിതരാകുന്നതിന്റെ മനഃശാസ്ത്രം.



വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഇന്ന് നിലനില്‍ക്കുന്ന സംവരണ വ്യവസ്ഥയെ മറികടക്കുകയാണ് അതിന്റെ ആദ്യപടി. ഈ വ്യവസ്ഥയെ ക്രീമിലെയര്‍ മാനദണ്ഡങ്ങള്‍ക്ക് വിധേയമാക്കുന്നതുവഴി ബൌദ്ധിക മുന്നേറ്റം സംഭവിച്ച് ഉന്നത ഉദ്യോഗങ്ങള്‍ ലഭിച്ച് സാമ്പത്തിക അടിത്തറയുണ്ടായ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഇനിയൊരിക്കല്‍ക്കൂടി വിദ്യാഭ്യാസ സംവരണം ഉണ്ടാകരുതെന്ന മുന്നാക്കക്കാരന്റെ കുശാഗ്രബുദ്ധി പ്രയോഗവത്കരിക്കപ്പെടുന്നു. തൊഴില്‍മേഖലയിലും സ്ഥിതി ഇതുതന്നെ. അവിടെ 10 ശതമാനം സംവരണം മുന്നാക്കക്കാരിലെ സാമ്പത്തിക പിന്നാക്കാവസ്ഥയുള്ളവര്‍ക്ക് ലഭിക്കുമെന്ന് വന്നാല്‍ നിലവിലുള്ള സംവരണ തത്വങ്ങള്‍ക്ക് പുല്ലുവിലയല്ലേ ഉണ്ടാകൂ. അങ്ങനെയൊന്ന് വേണമെങ്കില്‍ത്തന്നെ ഇങ്ങനെയൊരു മുന്നാക്കസംവരണമാണോ അതോ ജനറല്‍ മെറിറ്റിലെ എല്ലാ ജാതികളിലെയും സാമ്പത്തിക പിന്നാക്കാവസ്ഥയുള്ള 10 ശതമാനത്തിനാണോ സംവരണം നല്‍കേണ്ടത്. സാമൂഹ്യനീതിയെ വരേണ്യ വര്‍ഗ്ഗത്തിന്റെ സമുദായ താല്പര്യങ്ങള്‍ക്കായി മാറ്റി മറിക്കാനുള്ള കുതന്ത്രങ്ങള്‍ പയറ്റുന്നത് ഇനിയും കണ്ണടച്ച് നോക്കിയിരിക്കാന്‍ സാധിക്കില്ലതന്നെ.



സാമൂഹ്യമായ പിന്നാക്കാവസ്ഥയും സാമ്പത്തികമായ പിന്നാക്കാവസ്ഥയും രണ്ട് വ്യത്യസ്തങ്ങളായ അസ്തിത്വങ്ങളാണ്. അതിനുരണ്ടിനും ഒരേ പരിഹാരം നിര്‍ദ്ദേശിക്കാന്‍ സാധിക്കില്ലെന്ന സത്യം അംഗീകരിച്ചേ മതിയാകൂ. സഹസ്രാബ്ദങ്ങളായി പിന്നാക്കക്കാരനായി നിന്നവന്‍ വിദ്യകൊണ്ട് നേടുന്ന മുന്നേറ്റം രണ്ടാംതലമുറയില്‍ അവന്റെ ജീവിത സാഹചര്യങ്ങള്‍ മാറ്റിമറിച്ചിട്ടുണ്ടാകാം. പക്ഷേ അവന്റെ പിന്‍തലമുറക്കാരുടെ ബൌദ്ധിക നിലവാരം മുന്നാക്കക്കാരന്റേതിന് സമാമനമാക്കുന്നതിന് സാമൂഹ്യനീതി നിഷേധിക്കപ്പെട്ടിരുന്ന അത്രയും സഹസ്രാബ്ദങ്ങള്‍ തന്നെ അവന് അവകാശപ്പെട്ടതാണ്. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം വിദ്യാഭ്യാസത്തിലും ഉദ്യോഗത്തിലും അവന്‍ നേടിയെടുത്തോ എന്ന് പരിശോധിക്കുന്നതിനുള്ള കണക്കെടുപ്പ് വേണമെന്ന് എസ്.എന്‍.ഡി.പി യോഗം ആവശ്യപ്പെടുന്നതിന്റെ പശ്ചാത്തലമിതാണ്. ബൌദ്ധികവികാസം ഉണ്ടായ കുടുംബങ്ങളില്‍നിന്ന് വന്ന് അധികാരം കൈയാളുന്നവര്‍ക്ക് മാത്രമേ നിഷ്പക്ഷമായ തീരുമാനങ്ങളെടുക്കുവാന്‍ സാധിക്കൂ. മേലധികാരികളുടെ നിര്‍ദ്ദേശത്തിനെതിരെ പോലും ന്യായമായ തീരുമാനങ്ങളെടുക്കുന്നവര്‍ സമൂഹത്തിലുണ്ടാകണമെങ്കില്‍ അവന് ജോലിയില്ലെങ്കിലും ജീവിക്കാം എന്നൊരു ധൈര്യം വേണം. ആ ധൈര്യം സംഭരിച്ചിട്ടുള്ള പിന്നാക്കക്കാരിനി സര്‍ക്കാര്‍ സര്‍വീസില്‍ വേണ്ടന്നല്ലേ ക്രീമിലെയറിനെ ഒഴിവാക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്?



ഭൂരിപക്ഷമായ അധ:സ്ഥിതരെ അധികാരത്തില്‍ പങ്കാളികളാക്കാനും അതുവഴി സാമൂഹ്യനീതി ഉറപ്പുവരുത്താനുമാണ് ഭരണഘടനയില്‍ ഡോ. അംബേദ്കര്‍ പിന്നാക്ക വിഭാഗ സംവരണം വിഭാവനം ചെയ്തിട്ടുള്ളത്. സാമൂഹിക പിന്നാക്കാവസ്ഥയില്‍നിന്ന് അധ:സ്ഥിതനെ കരകയറ്റാനുള്ള ശ്രമങ്ങള്‍ക്ക് നേരെ വെല്ലുവിളികള്‍ ശക്തി പ്രാപിക്കുന്നതുകൊണ്ടാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ജാതി തിരിച്ചുള്ള പട്ടിക തയ്യാറാക്കിയും കാനേഷുമാരി കണക്കെടുപ്പില്‍ ഇത്തരം വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം സംവരണ സമുദായങ്ങള്‍ കൈവരിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തണമെന്ന് എസ്.എന്‍.ഡി.പി യോഗവും അതിന്റ അമരക്കാരനായ വെള്ളാപ്പള്ളി നടേശനും ആവശ്യപ്പെട്ടിട്ടുള്ളത്. യോഗത്തിന്റെ അവകാശ പ്രഖ്യാപനരേഖയില്‍ ക്രീമിലെയര്‍ മാനദണ്ഡം ഒഴിവാക്കണമെന്നും ഭരണഘടനയുടെ 9-ാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി കോടതികളുടെ ഇടപെടലുകളില്‍നിന്ന് സംവരണത്തിനെ സംരക്ഷിക്കണമെന്നുമുള്ള ആവശ്യം ഈ പശ്ചാത്തലത്തില്‍ ഗൌരവമായ ചര്‍ച്ചകള്‍ക്ക് വിധേയമാകാത്തതിനു കാരണം വരേണ്യ വര്‍ഗത്തിന്റെ ഇടപെടലുകള്‍ കൊണ്ടാണെന്ന സത്യം നാം ഇനിയും തിരിച്ചറിയേണ്ടിയിരിക്കുന്നു. മാദ്ധ്യമ സിന്‍ഡിക്കേറ്റുകളിലെ 85 ശതമാനത്തിന്റെ മേല്‍ക്കോയ്മയാണ് ദേശീയതലത്തില്‍ ഈ വാദഗതികള്‍ ശക്തി പ്രാപിക്കുന്നത് തടയുന്നതെന്ന യാഥാര്‍ത്ഥ്യം നാമോരുത്തരും മനസിലാക്കുന്നതില്‍ ഇനിയും വൈകിപ്പോകരുത്.

No comments:

Post a Comment