Tuesday, August 2, 2011

വിശ്വകര്‍മ്മ വിശാല ഐക്യം

"ഈ നേതാക്കള്‍ ഒറ്റക്കെട്ടായി നിന്നിരുന്നുവെങ്കില്‍ 
എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളെയും വരച്ച വരയില്‍ നിര്‍ത്തി വിലപേശാന്‍ കഴിഞ്ഞേനെ. 
അവര്‍ക്കെല്ലാം തന്നെയും 
സമുദായത്തിനും ഉദ്ദേശിക്കുന്ന ലക്ഷ്യത്തിലെത്താനുമായേനെ."


നമ്മുടെ നേതാക്കള്‍ രാഷ്ട്രീയക്കാരുടെ ചട്ടുകങ്ങളായാണ് പ്രവര്‍ത്തിക്കുന്നത്.
അവര്‍ തുശ്ചമായ സ്വകാര്യ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി സമുദായത്തെ ഉപയോഗിക്കുന്നു.
ഇത് മനസ്സിലാക്കാതെ വിശ്വകര്‍മ്മജര്‍ അവര്‍ക്കു വേണ്ടി തല്ലാനും കൊല്ലാനും പിടിച്ചെടുക്കാനുമായി നടക്കുന്നു. ഓരോ നേതാക്കള്‍ക്കും ഓരോ താല്‍പ്പര്യങ്ങളാണ്.  അത് നടപ്പിലാക്കികിട്ടാന്‍ സമുദായത്തെ ഉപയോഗിക്കുന്നു. സമുദായമാകുന്ന അപ്പത്തെ പങ്കു വെക്കാന്‍ രാഷ്ട്രീയ കുരങ്ങന്മാരെ ഏല്‍പ്പിക്കുന്നു.

ഒരു രാഷ്ട്രീയപ്പാര്‍ട്ടിയും , ഒരു സമുദായ സംഘടനയേയും വളര്‍ന്നു കാണാന്‍ ആഗ്രഹിക്കുന്നില്ല. അവരെ ഭിന്നിപ്പിച്ചു നിര്‍ത്താന്‍ പരമാവധി അവര്‍ ശ്രമിക്കുകയും ചെയ്യും.
അതു മനസ്സിലാക്കി പ്രവര്‍ത്തിച്ച സംഘടനകള്‍ മാത്രമേ ലക്ഷ്യം കണ്ടിട്ടുള്ളൂ. ഓരോ നേതാക്കന്മാര്‍ക്കും MLA യോ MP യോ PSC മെമ്പറോ ഒക്കെ ആകണം അതിന്നായി സമുദായത്തിന്റെ പേരു പറയുന്നുവെന്നു മാത്രം . അല്ലാതെ സമുദായത്തിന്റെ പൊതുവായ ഐക്യവും ഉന്നമനവും അവരുടെ ലക്ഷ്യമേ അല്ല.

കുഴലൂത്തുകാരന്റെ പിറകേ പോയ എലികളുടെ അവസ്ഥയാണ് സാധാരണ വിശ്വകര്‍മ്മജന്റേത്.

ഓരോ രാഷ്ട്രീയപ്പാര്‍ട്ടിയും, ഓരോ വിശ്വകര്‍മ്മ നേതാക്കളേയും ഓരോ പിടി വിശ്വകര്‍മ്മജരേയും കരം തീര്‍ത്തും പോക്കുവരവു ചെയ്തും  സ്വകാര്യമാക്കി വച്ചുകൊണ്ടിരിക്കുന്നു. ഇങ്ങിനെയായിരിക്കെ വിശ്വകര്‍മ്മ വിശാല ഐക്യം മലര്‍പ്പൊടിക്കാരന്റെ മനോഹര സ്വപ്നം മാത്രമായി എന്നും തുടരുകതന്നെ ചെയ്യും .

നാം ലോക സ്രഷ്ടാക്കളെന്ന് വീമ്പിളക്കുകയും സ്വയം ​വിഡ്ഢികളായി ജീവിക്കുകയും ചെയ്യുന്നു. 
എന്തൊരു വിരോധാഭാസം ?

കുരുടന്‍ ആനയെ കണ്ടതു പോലെയാണ് വിശ്വകര്‍മ്മ സമുദായത്തെ ഉദ്ധരിക്കാന്‍ ഇറങ്ങി പുറപ്പെട്ടവരുടെ പെരുമാറ്റം .
ആരും ശരിക്കുള്ള പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല.
പരസ്പരം ചെളിവാരിയെറിയാനുള്ള കഴിവെങ്കിലും നഷ്ടപ്പെട്ടിട്ടില്ല എന്നത് ശ്ലാഘനീയം തന്നെ.
എല്ലാവര്‍ക്കും അവരവര്‍ പറയുന്നത് ശരിയെന്ന് സ്ഥാപിച്ചെടുക്കണം .
മറ്റുള്ളവര്‍ പറയുന്നത് നമുക്ക് കേള്‍ക്കുകയേ വേണ്ട.

ഈ നേതാക്കള്‍ ഒറ്റക്കെട്ടായി നിന്നിരുന്നുവെങ്കില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളെയും വരച്ച വരയില്‍ നിര്‍ത്തി വിലപേശാന്‍ കഴിഞ്ഞേനെ. അവര്‍ക്കെല്ലാം തന്നെയും സമുദായത്തിനും ഉദ്ദേശിക്കുന്ന ലക്ഷ്യത്തിലെത്താനുമായേനെ. ഇവരെ വിറ്റ പണം കൊണ്ടുനടക്കുന്ന രാഷ്ട്രീയക്കാര്‍ അതിന് സമ്മതിക്കേണ്ടേ?

ഈശ്വരോ രക്ഷതു...........