CREATIVE WORKS

കവിതകള്‍ കഥകള്‍ ചിത്രങ്ങള്‍ തുടങ്ങിയ വിശ്വകര്‍മ്മജരുടെ 
സ്വന്തം രചനകള്‍ 
ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്‌.
mail to: vakkomgsreekumar@gmail.com




കവിത 
വളരേണ്ടായിരുന്നു... 

ശശി കാട്ടൂര്‍

എന്തിനാടാ...
നീയെന്നെ കൊന്നു കളഞ്ഞത് ..?
ഒന്നുമില്ലെങ്കിലും
...
നമ്മൾ
ഒരേ ക്ലാസ്സിൽ
ഒരേ ബെഞ്ചിൽ
ഒന്നായി ചേർന്നിരുന്നവരല്ലേടാ ...

എത്ര ചാമ്പക്ക
എത്ര കശുമാങ്ങ
എന്തെല്ലാം,
എന്തെല്ലാം നമ്മൾ പകുത്തു
കഴിച്ചിരുന്നെടാ..
എത്ര ഉച്ച്ചകൾ
നമ്മുടെ ചോറ്റുപാത്രം
പരസ്പ്പരം ഊട്ടിയിരുന്നെടാ...

എന്റെ പെങ്ങളെ, വഴി-
പോക്കനൊരുത്തൻ കേറിപ്പിടിക്കെ
തല്ലി നീ, യവനെയോടിച്ച്ചു വിട്ടത്
എന്റെ പെങ്ങൾ, നിന്റെയുമെന്ന്

നമ്മൾ പണ്ടേ
അറിഞ്ഞു കൊണ്ടല്ലേടാ....

ഓണത്തിനും പെരു-

ന്നാളിനും നമ്മുടെ വീട്ടുകാർ
കാത്തുവെച്ചിരുന്ന
പലഹാരത്തിന്റെ മണം
അങ്ങോട്ടും ഇങ്ങോട്ടും
കയറിയിറങ്ങുന്നത് നമ്മ-
ളെന്തേ മറന്നു പോയോടാ...?

കേള്ക്കുന്നുണ്ടോടാ

നമ്മുടെ
അമ്മമാരുടെ
കൂട്ടക്കരച്ചിൽ....

-എന്തിനാടാ
നീയെന്നെ കൊന്നുകളഞ്ഞത്‌...?

ഒരു വാക്ക്

ചോദിക്കാമായിരുന്നില്ലേ.
നിനക്കെന്നോട്...

ഒന്നുമില്ലെങ്കിലും, നമ്മൾ
ഒന്നുപോലെ വളർന്നവരല്ലെടാ...!

നിന്നോടന്നവർ പറഞ്ഞത് പോലെ
ആരാധനാലയത്തിന്നു മുൻപിൽ
പോസ്റ്ററൊട്ടിച്ചതും, വേദ-
പുസ്തകം തീയിട്ടെരിച്ച്ചതും
രക്തം തളിച്ഛശുദ്ധീ വരുത്തീതും
സത്യം, ഞാനല്ലായിരുന്നെടാ

എന്തിനാടാ, നമ്മ-
ളിങ്ങനെ വളർന്നുപോയത്....?
നമുക്ക്
ആ..
പഴയ
കുട്ടികളായിരുന്നാൽ
മതിയായിരുന്നെടാ..

കുട്ടികളായിരുന്നാൽ
മതിയായിരുന്നെടാ..!!

No comments:

Post a Comment