Monday, October 19, 2015

ഭരണപങ്കാളിത്തമില്ലെങ്കിൽ വിശ്വകർമ്മജർ വിസ്മൃതിയുടെ അഗാധ ഗർത്തത്തിലേക്ക് തൂത്തെറിയപ്പെടും.


ഭരണപങ്കാളിത്തമില്ലെങ്കിൽ വിശ്വകർമ്മജർ വിസ്മൃതിയുടെ അഗാധ ഗർത്തത്തിലേക്ക് തൂത്തെറിയപ്പെടും.
***********************************************************************
"ഉത്തരേന്ത്യയിലെ 'യാദവര്‍' ഒരു കാലത്ത് സമുദായിക ചിഹ്നങ്ങള്‍ മുഴുവന്‍ മറച്ചു വെക്കാന്‍ ആഗ്രഹിച്ചിരുന്ന ദുരഭിമാനികളാണ്‌. യദുകുലത്തിന്റെ പിന്‍ഗാമികളെന്ന ഗര്‍വില്‍ അവര്‍ അന്ധരായി കഴിഞ്ഞു. സവര്‍ണ്ണരാവട്ടെ അവരുടെ പൊള്ളയായ ഗര്‍വിനെ അവജ്ഞയോടെയാണ്‌ കണ്ടത്. അതവര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല."
ഇന്ന് വിശ്വകര്‍മ്മജരുടെ സ്ഥിതിയും ഇതു തന്നെ. യുവാക്കളെ അന്ധവിശ്വാസത്തിന്റെ അന്ധകാരത്തിലേക്ക് തള്ളിവിടാന്‍ ശ്രമിക്കുന്ന ചിലര്‍ അതിന്‌ രാസത്വരകമാവാന്‍ കച്ച കെട്ടിയിറങ്ങിയിരിക്കുന്നുവെന്നത് ഖേദകരമാണ്‌.
രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്നിന്റേയും അജണ്ടയില്‍ ഇടം പിടിക്കാത്ത പൊതു ആവശ്യങ്ങള്‍ വിശ്വകര്‍മ്മ വിഭാഗത്തിനുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ട്. സമൂഹത്തെ സമുദായത്തിന്റെ മുദ്ര കുത്തി ഓരോരോ കള്ളികളിലാക്കുന്നത് വിപത്താണെന്ന് രാഷ്ട്രീയക്കാര്‍ കരുതുകയും എന്നാല്‍ സംഘടിതരായ സമുദായങ്ങളെ അകമഴിഞ്ഞ് പ്രീണിപ്പിക്കുകയും ചെയ്യുമ്പോള്‍ അസംഘടിതരായ വിശ്വകര്‍മ്മ സമൂഹം കടുത്ത അവഗണനയിലാണ്‌ കഴിയുന്നത്.
സംഘടിച്ച് ശക്തരാവേണ്ട യുവ തലമുറയില്‍ നല്ലൊരു ശതമാനവും ഇപ്പോഴും അന്ധവിശ്വാസങ്ങളിലേക്കു തന്നെ ആഴ്ന്നിറങ്ങിക്കൊണ്ടിരിക്കുകയോ രാഷ്ട്രീയ പാര്‍ട്ടികളുടെ അടിമകളാവുകയോ ചെയ്യുന്ന ദയനീയ കാഴ്ച്ചയാണ്‌ കാണാന്‍ കഴിയുന്നത്. 
അവഗണിക്കപ്പെടുന്ന പൊതു ആവശ്യങ്ങള്‍ പൊള്ളുന്ന ഒരു യാഥാര്‍ത്ഥ്യമായി വിശ്വകര്‍മ്മജരായ നമ്മെ തുറിച്ചു നോക്കുകയാണ്‌.. ഈ ആവശ്യങ്ങള്‍ നേടിത്തരാന്‍ മറ്റാരും ഇല്ലാതിരിക്കെ സംഘടിച്ച് ശക്തരാവാതെ മറ്റെന്ത് വഴിയാണുള്ളത്?
ഉത്തരേന്ത്യയിലെ 'യാദവര്‍' ഒരു കാലത്ത് സമുദായിക ചിഹ്നങ്ങള്‍ മുഴുവന്‍ മറച്ചു വെക്കാന്‍ ആഗ്രഹിച്ചിരുന്ന ദുരഭിമാനികളാണ്‌. യദുകുലത്തിന്റെ പിന്‍ഗാമികളെന്ന ഗര്‍വില്‍ അവര്‍ അന്ധരായി കഴിഞ്ഞു. സവര്‍ണ്ണരാവട്ടെ അവരുടെ പൊള്ളയായ ഗര്‍വിനെ അവജ്ഞയോടെയാണ്‌ കണ്ടത്. അതവര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. 
റാവു ബീരേന്ദ്രസിമ്ഗ് എന്ന ക്രാന്ത ദര്‍ശിയായ നേതാവാണ്‌ 1920 കളില്‍ അവരെ യാഥാര്‍ത്ഥ്യത്തിന്റെ സൂര്യ വെളിച്ചത്തിലേക്ക് നയിച്ചത്. പേരിനോടൊപ്പം "യാദവ്" എന്ന് ചേര്‍ക്കാന്‍ തുടങ്ങിയതു പോലും അതിനു ശേക്ഷമാണ്‌. കര്‍പ്പൂരി താക്കൂറിനെപ്പോലുള്ള ഉന്നത നേതാക്കള്‍ക്കു പോലും അവരുടെ പൊതു ആവശ്യങ്ങള്‍ നേടിക്കൊടുക്കാന്‍ കഴിഞ്ഞില്ല. ഈ തിരിച്ചറിവില്‍ നിന്നാണ്‌ യൂ പി യിലും ബീഹാറിലും യാദവ രാഷ്ട്രീയത്തിന്റെ ഉദയം . പിന്നീടുള്ള അവരുടെ രാഷ്ട്രീയ മുന്നേറ്റം നാം കണ്ടു കൊണ്ടിരിക്കുന്നതാണ്‌.. ഇന്ന് യൂ പി യിലും ബീഹാറിലും ഉണ്ടായ യാദവ മുന്നേറ്റം , ഇന്ത്യ ആരു ഭരിക്കും എന്നു തീരുമാനിക്കുന്നത് യാദവരാണ്‌ എന്നതിലെത്തി നില്‍ക്കുന്നു കാര്യങ്ങള്‍ എന്നത് കുഞ്ഞുങ്ങള്‍ക്ക് പോലും അറിയാവുന്നതാണ്‌
അഗ്നി പോലെയാണ്‌ ഏതു സാമുദായിക സംഘടനയും. ഉപയോഗ പ്രദമായ ഊര്‍ജ്ജ ശ്രോതസായോ നശീകരണത്തിന്റെ വിഷ ജ്വാലയായോ മാറാന്‍ കഴിയും . കൂട്ടായ്മയും സംഘടനയുമൊക്കെ മേനികാണിക്കാനുള്ള ഉപാധികളാണെന്ന് പലരും ധരിച്ചു വച്ചിരിക്കുന്നു. ഉന്നതങ്ങളില്‍ അല്‍പ്പം സ്വാധീനവും രാഷ്ട്രീയത്തിന്റെ ഇത്തരം തണലും മതി അവര്‍ക്ക്.
(എന്റെ ഒരു മുന്‍ post ല്‍ നിന്ന്)
വക്കം ജി ശ്രീകുമാര്‍

കുട്ടികൾ പഠിച്ചതു കൊണ്ടാണോ?

ന്ന് കുലത്തൊഴിൽ ചെയ്യുന്നവരുടെ കുട്ടികളിൽ കൂടുതൽ പേരും +2 വിന് വളരെ ഉയർന്ന മാർക്ക് വാങ്ങുന്നുണ്ട്. സാമ്പത്തിക ശേഷി ഇല്ലായ്മ മൂലം ഉയർന്ന നിലയിൽ പഠിപ്പിക്കാൻ കഴിയാറില്ല. അവരെ സംബന്ധിച്ചേടത്തോളം നല്ല ശമ്പളമുള്ള ഒരു തൊഴിൽ അത്യന്താപേക്ഷിതമാണ്. ഏതെങ്കിലും കിട്ടുന്ന ഒരു ഡിഗ്രീ കോഴ്സിൽ ചേരും. ഡിഗ്രി പാസായാൽ ഉടനേ ജോലി കിട്ടുമെന്നാണ് അവരുടെ ധാരണ. പക്ഷേ ഡിഗ്രികഴിഞ്ഞ് PSC Clerical Test എഴുതി ജീവിതകാലം കഴിക്കും. PSCയുടെ രീതിയനുസരിച്ച് ജോലിക്ക് അപേക്ഷിച്ചു തുടങ്ങുന്നതുമുതൽ ഓവർ ഏജ് ആവുന്നതുവരെ കഷ്ടിച്ച് മൂന്നോ നാലോ ടെസ്റ്റെഴുതാനേ കഴിയൂ. ഒരു ടെസ്റ്റ് കഴിഞ്ഞാൽ 5 വർഷമെങ്കിലും കഴിയണം അടുത്ത ടെസ്റ്റ് വരാൻ. ടെസ്റ്റ് എഴുതി തഴക്കം വരണമെങ്കിൽ 4 ടെസ്റ്റ് എങ്കിലും എഴുതണം. അപ്പോഴേക്കും ഓവർ ഏജ് ആയിരിക്കും. ആൺകുട്ടികൾ പണിക്കു പോകും. പെൺകുട്ടികൾ അടുപ്പിന്റെ മൂട്ടിൽ തളക്കപ്പെടും. ഇങ്ങിനെ പതിനായിരക്കണക്കിനു മനുഷ്യായുസുകളാണ് ആർക്കും ഉപയോഗപ്പെടാതെ നശിച്ചു പോകുന്നത്. അവരെ കഷ്ടപ്പെട്ട് വളർത്തിയ മാതാപിതാക്കൾക്ക് ദുരിതം മാത്രമേ അവർ സമ്മാനിക്കൂ. മുമ്പായിരുന്നെങ്കിൽ പെറ്റു വീഴുന്നതേ ആലയിലോ വേല ചായ്പ്പിലോ ആയിരിക്കും. 
അവൻ അവിടം മുതലേ പണിപഠിക്കാനും തുടങ്ങും. ഇന്നത്തെ സ്ഥിതി അങ്ങിനെയല്ല. 
കുട്ടികളെ വളരെ പ്രതീക്ഷയോടെ സ്കൂളിൽ വിടും. ഒടുവിൽ 70 വയസായാലും അച്ഛൻ പണിയെടുത്താലേ ആ വീട്ടിൽ തീ പുകയൂ. ഇത് എന്തുകൊണ്ടാണ് സംഭവിക്കുന്നത്? 
കുട്ടികൾ പഠിച്ചതു കൊണ്ടാണോ?

വിശ്വകർമ്മ സമുദായത്തെ ഇന്നത്തെ അവസ്ഥയിൽ നിന്ന് മോചിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ-1


മൂഹം നന്നാവണമെങ്കിൽ കുടുംബങ്ങൾ നന്നാവണം. കുടുംബങ്ങൾ നന്നാവണമെങ്കിൽ വ്യക്തികൾ നന്നാവണം..........................
സാധാരണക്കാരായ വിശ്വകർമ്മ കുടുംബങ്ങളിലെ രക്ഷാകർത്താക്കൾ കടം വാങ്ങിയും കിടപ്പാടം വിറ്റുമൊക്കെ നടത്തുന്ന പല വിവാഹ ബന്ധങ്ങളും ഇന്ന് തകർച്ചയിലാണ്. തകരാത്തതു പലതും പുകഞ്ഞു കൊണ്ടിരിക്കുന്നതുമാവാം. ഉദാഹരണങ്ങൾ നിങ്ങൾക്ക് ചുറ്റും തന്നെ ധാരാളം കാണാൻ കഴിയും. വിവാഹ ബന്ധം തകരാനല്ല ആരും വിവാഹം കഴിക്കുന്നത്. 90% വും സാമ്പത്തികപ്രശ്നം കൊണ്ടാണ് ഇങ്ങിനെ സംഭവിക്കുന്നത്. 
എനിക്ക് നേരിട്ടറിയാവുന്ന അനേകം സംഭവങ്ങളിൽ ഒരു സംഭവം പറയാം.
ഒരു കാർപെന്റർ ജോലി ചെയ്യുന്ന യുവാവ്. അയാളുടെ വീട്ടിൽ അയാളെ കൂടാതെ ഒരു അനുജനും ഉണ്ട്. അച്ഛൻ, രണ്ടാണ്മക്കളായതിനാൽ മുന്നും പിന്നും നോക്കാതെയാണ് ജീവിതം. ഒന്നാന്തരം കള്ളുകുടിയനും. ആണുങ്ങൾ മൂവരും ജോലി ചെയ്യുന്നുണ്ട്. നല്ല വരുമാനവും. പക്ഷേ സമ്പാദ്യശീലം തീരെയില്ല. അയാൾ, ഒരു സാധാരണ വിശ്വകർമ്മ കുടുംബത്തിലെ ഒരു പെൺകുട്ടിയെ വിവാഹം കഴിക്കുന്നു. 
ഉള്ളതെല്ലാം വിറ്റുപെറുക്കിയും കുറച്ച് കടം വാങ്ങിയുമൊക്കെയാണ് അല്പം പൊന്നോ പണമോ സ്ത്രീധനമായി ആ പെണ്കുട്ടിയുടെ രക്ഷാകർത്താക്കൾ നൽകുന്നത്. വിവാഹം കഴിയുന്നതോടെ അവർ നല്ലൊരു കടത്തിന്റെ ഉടമയുമായിന്നു. കല്യാണ ചെറുക്കനോ? അവൻ സ്ത്രീധനമായി കിട്ടുന്ന തുക കൂടാതെ നല്ലൊരു തുക കടമായി സംഘടിപ്പിച്ചായിരുന്നു സുഹൃത്തുക്കൾക്ക് മദ്യസൽക്കാരം ഉൾപ്പെടെയുള്ള ജാഡ കാണിക്കുന്നത്. വിവാഹം കഴിഞ്ഞ് കുറച്ചു ദിവസം സ്വാഭാവികമായും ജോലിക്കു പോയില്ല, വരവില്ല, നല്ല ചെലവും ഉണ്ടാക്കി വെച്ചു. 
കുറച്ചു ദിവസം ബന്ധുക്കളുടെ വീടുകളിൽ വിരുന്നിനു പോക്കും സിനിമയ്ക്കു പോക്കുമായി അടിപൊളിയായിരുന്നു ജീവിതം. ആ സമയത്ത് പെൺകുട്ടി തന്റെ ഒരു മിനിമം ആവശ്യം ഉന്നയിക്കുന്നു. 
“ ചേട്ടാ എനിക്കൊരു സാരിയും രണ്ട് മാക്സിയും വാങ്ങണം. ഇവിടുണ്ടായിരുന്ന സാരി രണ്ടും ഒരു പരുവമായി. മാക്സിയുണ്ടെങ്കിൽ വീട്ടിലുടുക്കാൻ അതുമതിയല്ലോ?“ കഷ്ടപ്പാട് അറിഞ്ഞു വളർന്ന കുട്ടിയായതിനാൽ മോഹങ്ങൾ ധാരാളം ഉണ്ടെങ്കിലും ചേട്ടനെ വിഷമിപ്പിക്കേണ്ട എന്നു കരുതി അത്യാവശ്യം വേണ്ട കാര്യങ്ങൾ മാത്രമെ പറയുന്നുള്ളൂ. 
സ്വന്തം പോക്കറ്റിനെക്കുറിച്ച് നല്ല ബോദ്ധ്യമുള്ള ഭർത്താവ് പറയുന്നു. “ നിന്റെ വീട്ടിൽ പോകുമ്പോൾ നിന്റെ പഴയ ഡ്രെസെല്ലാം ഇങ്ങെടുത്തോണ്ട് വന്നാൽ മതി തൽക്കാലം അതുകൊണ്ട് അഡ്ജസ്റ്റ് ചെയ്യ്“
“അതെല്ലാം ഞാൻ അനിയത്തിക്കു കൊടുത്തിട്ടാണ് വന്നത്“
“അതുശരി. നിനക്ക് തോന്നുമ്പ തോന്നുമ്പ ഡ്രെസെടുത്തു തരാൻ നിന്റപ്പൻ എനിക്ക് ലക്ഷക്കണക്കിനല്ലേ സ്ത്രീധനം തന്നത്?“
രണ്ട് പെൺകുട്ടികളായതുകൊണ്ട് ഒരു പൈസ അനാവശ്യമായി കളയാതെ കഷ്ടപ്പെട്ട് രണ്ട് പേരേയും ചുറ്റുമുള്ള പീഢകന്മാരുടെ കണ്ണിൽ നിന്ന് മറച്ച്, ഡിഗ്രി വരെ പഠിപ്പിച്ച്, എന്നും രോഗിയായ അമ്മയേയും ചികിത്സിച്ച് സ്വന്തം അസുഖങ്ങൾ ആരേയും അറിയിക്കാതെ കിടപ്പാടം വിറ്റ് തന്നെ കെട്ടിച്ചയച്ച പാവം അച്ഛനെ പറഞ്ഞാൽ ആരാണ് സഹിക്കുക. അവൾ അത് കണ്ണീരിലൊതുക്കി. 
അമ്മായിയമ്മയുടേയും കുടിയനായ അമ്മായിയച്ഛന്റേയും ഭർത്താവിന്റെ അനുജന്റേയും വക വേറെ പീഢനങ്ങൾ.
പിന്നീട് പണി കഴിഞ്ഞു മൂക്കുമുട്ടെ കുടിച്ചു വന്ന് എന്നും അപ്പനെയും അമ്മയേയും ചീത്ത വിളിക്കാൻ തുടങ്ങി. തീരെ സഹിക്കാതെ വന്നപ്പോൾ അവൾ പറഞ്ഞു. “എന്നെ വേണേൽ കൊന്നോ എന്റെ അപ്പനേയും അമ്മയേയും ഒന്നും പറയരുത്. അതോടെ അസഭ്യം മാത്രമല്ല തല്ലും തുടങ്ങി. 
ഡിഗ്രിക്കാരിയായ അവളെ എന്തെങ്കിലും ജോലി കണ്ടുപിടിക്കാനും ഈഗോ കാരണം അയാൾ സമ്മതിച്ചില്ല.
താമസിയാതെ അവൾ ഗർഭിണിയായി. അഞ്ചാം മാസമായപ്പോൾ അവളുടെ വീട്ടിൽ കൊണ്ടാക്കി. പിന്നീടങ്ങോട്ട് തിരിഞ്ഞു നോക്കിയില്ല. മകളെ കെട്ടിച്ച കടങ്ങളും ഇളയമകളുടെ പഠിത്തവും അമ്മയുടെ രോഗവും കൊണ്ട് പൊറുതിമുട്ടിയ വീട്ടിൽ, ഗർഭിണിയായ ഭാര്യയെ ആശുപത്രി, പ്രസവ, നൂലുകെട്ട് ചെലവുകളിൽ നിന്നും ഒഴിവാകാൻ തന്ത്രപൂർവമായ ഒരു നീക്കം. 
പ്രസവിച്ചു എന്നറിയിച്ചിട്ടും തിരിഞ്ഞു നോക്കാതെ, നൂലു കെട്ടിന് അറിയിച്ചില്ല എന്ന കാരണം പറഞ്ഞ് ഭാര്യ വീട്ടിൽ അമ്മയെയും മദ്യപിച്ചാൽ തെറിമാത്രം പറയുന്ന അച്ചനേയും കൂട്ടിവന്ന് ഒരു പ്രകടനവും. ആറുമാസം കഴിഞ്ഞ് വിളിച്ചു കൊണ്ടു പോയി പിന്നെയും ഗർഭിണിയാക്കി മൂത്ത കുഞ്ഞിനേയും കൂട്ടി വീണ്ടും അവളുടെ വീട്ടിൽ കൊണ്ടാക്കി. രണ്ടു മക്കളുമായി സ്വന്തം വീട്ടിൽ കഴിയവെ അവൻ വേറൊരു പെണ്ണിനെ വളക്കാൻ തുടങ്ങിയിരുന്നു. അപ്പോൾ അന്യജാതിക്കാരായ നാട്ടുകാർ ഇടപെട്ടു അവനെ കൈകാര്യം ചെയ്തു. നാട്ടുകാർ അവൾക്കൊരു കടയിൽ ജോലിയും തരപ്പെടുത്തിക്കൊടുത്തു. മൊട കണ്ടാൽ ഇടപെടുമെന്ന നാട്ടുകാരുടെ ശാസന ഉള്ളതുകൊണ്ട് ഇപ്പോൽ അവർ വലിയ കുഴപ്പമില്ലാതെ കഴിയുന്നു. അവൾക്കും ശമ്പളമുള്ളതുകൊണ്ട് കുട്ടികൾ നല്ല സ്കൂളിൽ പഠിക്കുന്നു.
ഇതേ പോലെ അല്ലെങ്കിൽ അല്ലറ ചില്ലറ വ്യത്യാസങ്ങളിൽ നൂറു കണക്കിന് ഉദാഹരണങ്ങൾ ഉണ്ട്. അതിൽ പലതും ചോദിക്കാൻ ആളില്ലാതെ തകർന്നു പോയിട്ടുള്ള ദാമ്പത്യ ജീവിതങ്ങളാണ്.
എന്തു കൊണ്ട് വിശ്വകർമ്മ കുടുംബങ്ങളിൽ മാത്രം ഇങ്ങിനെ സംഭവിച്ചു? സംഭവിക്കുന്നു?
1. പെണ്ണിന്റെ വീട്ടുകാരാണ് ഇതിനെതിരെ പ്രതികരിക്കേണ്ടത്. എന്നാൽ അവൾ അവന്റെ വീട്ടിലാണ് ജീവിക്കുന്നതെന്നും അതിന്റെ ഭവിഷ്യത്ത് മകൾ അവിടെ ഒറ്റയ്ക്ക് അനുഭവിക്കേണ്ടിവരുമെന്നും, പ്രശ്നങ്ങൾ ഉണ്ടാക്കിയാൽ ഇനിയിരിക്കുന്ന പെൺകുട്ടിക്ക് ഇനി ഒരാൾ വരികില്ല എന്ന ഭയം. 
2. മറ്റു സമുദായങ്ങളിൽ ഇങ്ങിനെയൊരു സംഭവമുണ്ടായാൽ അത് ചോദ്യം ചെയ്യാൻ ശക്തമായ സംഘടനകൾ ഉണ്ട്. NSS, SNDP, നാടാർ മഹാസഭ, പുലയർ മഹാസഭ, വേളാർ മഹാസഭ, ക്രിസ്ത്യൻ, മുസ്ലിം എന്നിവർക്ക് പ്രീ മാര്യേജ് കൗൺസലിംഗ്, ആഫ്റ്റർ മാര്യേജ് കൗൺസലിംഗ് തുടങ്ങിയ വ്യക്തമായ പ്ലാനുകൾ ഉണ്ട്. ഇത്തരം ഒരു പ്രശ്നം സഭയിൽ അറിഞ്ഞാൽ അവർ കൈകാര്യം ചെയ്തു കൊള്ളും.
3. വിശ്വകർമ്മ സമുദായത്തിൽ മാത്രം അങ്ങിനെയൊരു സംവിധാനമില്ല. സഭയുടെ ശാഖ അവിടെ ഇല്ലെങ്കിൽ പോലും ആർക്കും ഒരു പ്രയോജനവും ഇല്ലാത്ത ഒരു രജിസ്റ്റർ ബുക്കുമായി വന്ന് അതിൽ ഒപ്പിടുവിച്ച് ഫീസും വാങ്ങിയാൽ അവരുടെ ഉത്തരവാദിത്വം അതോടെ തീരുന്നു. ശക്തമായ ആൾ സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ചോദിക്കാൻ ചെന്നാൽ ആരും മൈൻഡ് ചെയ്യുകയുമില്ല.
എന്താണിതിന്റെ പ്രതിവിധി?
1. ഇത്തരം ഒരു പ്രശ്നം അറിഞ്ഞാൽ കൈകാര്യം ചെയ്യക്കത്തക്കവണ്ണം ശക്തരായ അംഗങ്ങൾ ഉള്ള ഒരു സംവിധാനം ഉണ്ടാക്കണം. അതിന് മഹാസഭകൾ നിഷ്ക്രീയമാണെന്ന് തോന്നുന്നെങ്കിൽ വിദ്യാസമ്പന്നരായ യുവാക്കൾ ചേർന്ന് ഓരോ പ്രദേശത്തും ‘കർമ്മസേന‘കൾ രൂപികരിക്കണം.
2. ‘കർമ്മസേന‘കൾ പ്രീ മാര്യേജ് കൗൺസലിംഗ്, ആഫ്റ്റർ മാര്യേജ് കൗൺസലിംഗ് തുടങ്ങിയ വ്യക്തമായ പ്ലാനുകൾ നടപ്പാക്കണം. കുടുംബ യോഗങ്ങൾ ശക്തിപ്പെടുത്തണം. മദ്യപാനത്തിനെതിരേയും ചൂതുകളിക്കെതിരേയും ബോധവത്കരണം നടത്തണം.
3. ‘കർമ്മസേന‘കൾക്ക് റിട്ടയർഡ് ഉദ്യോഗസ്ഥന്മാർ സ്കൂൾ, കോളേജ് അദ്ധ്യാപകർ അഡ്വക്കേറ്റുമാർ തുടങ്ങി മുതിർന്നവരുടെ ഒരു ഉപദേശക സമിതി രൂപീകരിക്കണം വേണമെങ്കിൽ അന്യജാതിയിലുള്ള പരിചയസമ്പന്നരേയും ഉൾപ്പെടുത്താം.
4. പ്രശ്നങ്ങൾ മറ്റുള്ളവർ അറിയുമെന്നു കണ്ടാൽ ഒരു പരിധിവരെ ഇത്തരം സംഭവങ്ങൽ ഉണ്ടാവുക തന്നെയില്ല.
5. ആരോഗ്യമുള്ള ഒരു സ്ത്രീ പോലും ഒരു വീട്ടിലും ജോലിയില്ലാതെ ഇരിക്കുന്നവരാകരുത്. അവർക്ക് നല്ലൊരു വരുമാനം ലഭിക്കത്തക്കവിധം തയ്യലായാലും ട്യൂഷനായാലും കരകൗശല നിർമ്മാണമായാലും നടപ്പിലാക്കാനുള്ള സ്ഥലസൗകര്യങ്ങൾ ചെയ്തു കൊടുക്കുക.
6. മുദ്രാ ബാങ്ക്, കുടുംബശ്രീ, ആർട്ടിസാൻസ് തുടങ്ങിയ ചെറുകിട വ്യവസായ ലോണുകൾ എടുക്കാനായി ഒരു കൈത്താങ്ങും ഉല്പന്നങ്ങൾ മാർക്കറ്റ് ചെയ്യുവാനുള്ള സംവിധാനവും ഗൃഹനാഥനും ഗൃഹനാഥയ്ക്കും ചെയ്തുകൊടുക്കുക.
7. കമ്പ്യൂട്ടർ, ഇന്റർനെറ്റ് തുടങ്ങിയ സംവിധാനങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനും ‘കർമ്മവേദി‘കളുടെ നേതൃത്വത്തിൽ സൗകര്യമുണ്ടാക്കുക.
‘കർമ്മവേദി‘യുടെ നടത്തിപ്പിനായി ചെറിയ സംഭാവനകൾ സ്വീകരിക്കുന്നതിലും തെറ്റില്ല. ( ഇത്തരം പദ്ധതികൽ നടപ്പിലാക്കിയാൽ അതിനെ പ്രോത്സാഹിപ്പിക്കാൻ അനേകം സമുദായ സ്നേഹികൽ മുന്നോട്ടു വരുമെന്നതിൽ സംശയമില്ല). വരുമാനത്തിനനുസരിച്ച് കർമ്മവേദി അംഗങ്ങൾക്ക് ചെറിയ വേതനം കൈപ്പറ്റാവുന്നതാണ്.

ഓരോ പ്രദേശത്തും ‘കർമ്മസേന‘കൾ രൂപികരിക്കുക.

കേരളത്തിലെ പ്രബല വിശ്വകർമ്മ സംഘടനകളായ AKVMS, KVS, VSS എന്നിവയിൽ AKVMS നേതാക്കൾ കടുത്ത ഇടതു പക്ഷ ചായ്‌വുള്ളവരാണ്.
KVS, VSS എന്നിവയുടെ നേതാക്കൾ കടുത്ത വലതു പക്ഷ ചായ്‌വുള്ളവരുമാണ്.
അതുകൊണ്ട് ഈ മൂന്നു സംഘടനകളും ഈ നൂറ്റാണ്ടിൽ യോജിക്കുമെന്നു കരുതുന്നവരെ എന്തു പേരിട്ടു വിളിക്കണമെന്ന് എനിക്കറിയില്ല. അവരെ യോജിപ്പിക്കാൻ ഐക്യവേദികളുമായി വൃദാ നടക്കേണമോ ഇനിയും? കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ കേരളത്തിലങ്ങോളമിങ്ങോളം 45 ഓളം ഐക്യവേദി കൺവെൻഷനുകളിൽ എന്നെ ക്ഷണിക്കുകയുണ്ടായി. അതിൽ 23 വേദികളിൽ ഞാൻ പങ്കെടുത്തു. ഒരെണ്ണം പോലും വിജയിച്ചില്ല. അതുകൊണ്ട് ഇപ്പോൾ ഐക്യവേദിയുമായി ആരു വിളിച്ചാലും ഞാൻ പങ്കെടുക്കാറില്ല. നിരുത്സാഹപ്പെടുത്താറുമില്ല. അതുകൊണ്ട് ഐക്യവേദികളുമായി നടക്കാതെ ഒരു രാഷ്ട്രീയ ചായ്‌വു മില്ലാതെ സ്വയം സംഘടിക്കാൻ നോക്കുക. അതിന്....... 
***************************************************************
1. വിദ്യാസമ്പന്നരായ യുവാക്കൾ ചേർന്ന് ഓരോ പ്രദേശത്തും ‘കർമ്മസേന‘കൾ രൂപികരിക്കുക.
2. ‘കർമ്മസേന‘കൾ പ്രീ മാര്യേജ് കൗൺസലിംഗ്, ആഫ്റ്റർ മാര്യേജ് കൗൺസലിംഗ് തുടങ്ങിയ വ്യക്തമായ പ്ലാനുകൾ നടപ്പാക്കണം. കുടുംബ യോഗങ്ങൾ ശക്തിപ്പെടുത്തണം. മദ്യപാനത്തിനെതിരേയും ചൂതുകളിക്കെതിരേയും ബോധവത്കരണം നടത്തണം.
ഓരോ വീശ്വകർമ്മ വിദ്യാർത്ഥിയേയും മോണിട്ടർ ചെയ്തു ഉന്നത വിദ്യാഭ്യാസം ലഭിക്കുന്നതിനാവശ്യമായ Entrance Exam. Coaching, Tuition എന്നിവ നൽകുക.
ഓരോ വർഷവും ടെസ്റ്റ് നടത്തി മിടുക്കരായ 5 വിദ്യാർത്ഥികളെ സിവിൽ സർവീസ് കോച്ചിംഗിന് അയക്കണം. സംസ്ഥാനാടിസ്ഥാനത്തിൽ ഒരു വർഷം കുറഞ്ഞത് 3 പേരെയെങ്കിലും IAS, IPS, IFS തുടങ്ങിയ ഉന്നതപദവിയിൽ എത്തിക്കുന്നത് പ്രധാന ലക്ഷ്യങ്ങളിൽ ഉൾപ്പെടുത്തുക.
വിദ്യാഭ്യാസം പൂർത്തിയായി വരുന്ന മുറക്ക് ഉന്നത ഉദ്യോഗങ്ങൾ നേടുന്നതിനുള്ള CAREER GUIDENCE, COMPETITIVE EXAMINATION COACHING എന്നിവ നടത്തുക. പരമ്പരാഗത തൊഴിലാളികൾക്ക് ആധുനിക തൊഴിൽ പരിശീലനം നൽകുക.
3. ‘കർമ്മസേന‘കൾക്ക് റിട്ടയർഡ് ഉദ്യോഗസ്ഥന്മാർ സ്കൂൾ, കോളേജ് അദ്ധ്യാപകർ അഡ്വക്കേറ്റുമാർ തുടങ്ങി മുതിർന്നവരുടെ ഒരു ഉപദേശക സമിതി രൂപീകരിക്കണം വേണമെങ്കിൽ അന്യജാതിയിലുള്ള പരിചയസമ്പന്നരേയും ഉൾപ്പെടുത്താം.
4. പ്രശ്നങ്ങളിൽ മറ്റുള്ളവർ ഇടപെടുമെന്നു കണ്ടാൽ ഒരു പരിധിവരെ കുടുംബകലഹങ്ങൾ ഉണ്ടാവുക തന്നെയില്ല.
5. ആരോഗ്യമുള്ള ഒരു സ്ത്രീ പോലും ഒരു വീട്ടിലും ജോലിയില്ലാതെ ഇരിക്കുന്നവരാകരുത്. അവർക്ക് നല്ലൊരു വരുമാനം ലഭിക്കത്തക്കവിധം തയ്യലായാലും ട്യൂഷനായാലും കരകൗശല നിർമ്മാണമായാലും ചെറുകിട വ്യവസായങ്ങൾ തുടങ്ങാനുള്ള സ്ഥലസൗകര്യങ്ങൾ ചെയ്തു കൊടുക്കുക.
6. മുദ്രാ ബാങ്ക്, കുടുംബശ്രീ, ആർട്ടിസാൻസ് തുടങ്ങിയ ചെറുകിട വ്യവസായ ലോണുകൾ എടുക്കാനായി ഒരു കൈത്താങ്ങും ഉല്പന്നങ്ങൾ മാർക്കറ്റ് ചെയ്യുവാനുള്ള സംവിധാനവും ഗൃഹനാഥനും ഗൃഹനാഥയ്ക്കും ചെയ്തുകൊടുക്കുക.
7. കമ്പ്യൂട്ടർ, ഇന്റർനെറ്റ് തുടങ്ങിയ സംവിധാനങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനും ‘കർമ്മസേന‘കളുടെ നേതൃത്വത്തിൽ സൗകര്യമുണ്ടാക്കുക.
‘കർമ്മസേന‘യുടെ നടത്തിപ്പിനായി ചെറിയ സംഭാവനകൾ സ്വീകരിക്കുന്നതിലും തെറ്റില്ല. ( ഇത്തരം പദ്ധതികൽ നടപ്പിലാക്കിയാൽ അതിനെ പ്രോത്സാഹിപ്പിക്കാൻ അനേകം സമുദായ സ്നേഹികൽ മുന്നോട്ടു വരുമെന്നതിൽ സംശയമില്ല). വരുമാനത്തിനനുസരിച്ച് ‘കർമ്മസേന‘ അംഗങ്ങൾക്ക് ചെറിയ വേതനം കൈപ്പറ്റാവുന്നതാണ്

ആശംസകളോടെ
വക്കം ജീ ശ്രീകുമാർ

അവസരങ്ങൾ സൂര്യോദയം പോലെയാണ്.


പിന്നെന്തുകൊണ്ട് നമ്മളിങ്ങിനെയായി? ചിന്തിച്ചിട്ടുണ്ടോ?

ജന്മസിദ്ധമായി വിശ്വകർമ്മജർക്ക് ദൈവം തന്നിരിക്കുന്ന കഴിവുകൾ അനന്തവും അപാരവുമാണ്.
പിന്നെന്തുകൊണ്ട് നമ്മളിങ്ങിനെയായി? ചിന്തിച്ചിട്ടുണ്ടോ?


ഭയം. 
ന്തു കാര്യത്തിനിറങ്ങുന്നതിനും ഭയം. സ്വന്തമായി ഒരു കാര്യം ചെയ്യാനൊരുങ്ങുമ്പോൾ രാഹുകാലം, ഗുളിക കാലം, പല്ലി ചിലച്ചു, പട്ടി കുരച്ചു, പൂച്ച ചാടി. കൂടെ മറ്റുള്ളവർ പരാജയപ്പെട്ടതിന്റെ കഥകൾ... എന്നും നമ്മെ ഉയർച്ചയുടെ പടവുകളിൽ നിന്ന് താഴോട്ടു വലിച്ചിടുന്ന ഘടകങ്ങളിൽ ചിലതു മാത്രമാണിത്. വിശ്വാസം ആകാം. അന്ധമായ വിശ്വാസമായാലോ? തീരെ വിദ്യാഭ്യാസം കുറഞ്ഞ പൂർവികർ തലമുറകളായി നമ്മെ പഠിപ്പിച്ചു വെച്ചിരിക്കുന്ന വിശ്വാസങ്ങളിൽ പലതും അന്ധവിശ്വാസങ്ങളാണ്. അത് തിരിച്ചറിയാതെ, ഉയരത്തിലേക്കുള്ള പടികൾ കയറുക അസാദ്ധ്യം. ജനിച്ച അന്നു മുതൽ ചങ്ങലയുള്ളവൻ വിചാരിക്കുന്നത് ആ ചങ്ങല അവന്റെ ശരീരാവയവമാണെന്നും അതു മാറ്റിയാൽ അവനു ജീവിക്കാൻ കഴിയില്ല എന്നുമാണ്. പലരും സമ്മതിക്കാൻ കൂട്ടാക്കില്ല എന്നെനിക്കറിയാം. എന്നാലും പറയട്ടെ. നമ്മുടെ വീട്ടിൽ ഒരു കുഞ്ഞു ജനിക്കുന്നതുമുതൽ നാം നമുക്ക് പിതാമഹന്മാർ കനിഞ്ഞു നൽകിയ അന്ധവിശ്വാസങ്ങൾ അവനെ പഠിപ്പിക്കുന്നു. 
ഒരിക്കൽ ഒരു തമിഴ്നാട്ടുകാരൻ 10 വയസുള്ള മകനുമായി തീർത്ഥാടനത്തിനിറങ്ങി. അനേകം അമ്പലങ്ങൾ സന്ദർശിച്ചു. ഒടുവിൽ ഭക്ഷണം കഴിക്കാനായി ഒരു ഹോട്ടലിൽ കയറി. ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ അവൻ ഒരു കല്ലു കടിച്ചു. ഉടനേ അവൻ ഭയത്തോടെ ചാടിയെണീറ്റ് അച്ഛനോടു പറഞ്ഞു “ഞാൻ ഒരു ചിന്ന കടവുളേ സാപ്പിട്ടേനപ്പാ. നാനിനി എന്ന പണ്ണുവേൻ“.
|നമ്മുടെ സ്ഥിതിയും ഇതിൽ നിന്നും വിഭിന്നമല്ല. നമ്മുടെ മനസ്സിലും അന്ധവിശ്വാസങ്ങൾ രൂഢമൂലമായിരിക്കുന്നു. നമ്മുടെ മനസിൽ ആഴത്തിൽ വേരൂന്നിയ അന്ധവിശ്വാസങ്ങളെ സ്വന്തം കാഴ്ച്ചപ്പാടിലൂടെ ഒന്നൊന്നായി മാറ്റിയെടുക്കുക. വിശ്വാസങ്ങൾ; ചിട്ടയോടെ ജീവിതം നയിക്കാനും, മറ്റുള്ളവരോട് നല്ല രീതിയിൽ പെരുമാറാനുമൊക്കെയുള്ള ഒരു പരിശീലനം മാത്രമാണ് എന്ന് അറിയുക. അനാവശ്യ ഭയങ്ങൾ മനസിൽ നിന്ന് മാറ്റി, ‘ഞാൻ വിശ്വകർമ്മജനാണ് എന്തു പ്രവൃത്തിക്കായാലും ഞാനിറങ്ങിയാൽ വിജയിക്കും, കാരണം ജന്മസിദ്ധമായിരിക്കുന്ന എന്റെ കഴിവുകൾ അപാരമാണ് അത് മറ്റുള്ളവരാണ് മുതലെടുക്കുന്നത്, ഒരുപണിയുമറിഞ്ഞുകൂടാത്ത മറ്റുള്ളവർ എന്നെക്കൊണ്ട് പണമുണ്ടാക്കുന്നു. വളരെയേറെ കഴിവുള്ള ഞാൻ ഇന്നും ദാരിദ്ര്യത്തിൽ നിന്ന് മോചനം നേടിയിട്ടില്ല. എന്റെ കഴിവുകൾ എന്റേയും സഹജീവികളുടേയും ഉയർച്ചക്കായി ഉപയോഗിച്ചാലെന്താ?‘ എന്ന് മനസിനെ പരുവപ്പെടുത്തി എടുക്കൂ. അനാവശ്യ ഭയത്തെ ഉപേക്ഷിക്കൂ. സ്വന്തം കുടുംബത്തെ ഉന്നതിയിലെത്തിക്കാൻ, കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം കൊടുക്കാൻ സ്വന്തമായി നല്ലൊരു കിടപ്പാടം ഉണ്ടാക്കാൻ ആധുനികമായ സംരംഭങ്ങൾ സ്വയം കണ്ടെത്തൂ. അല്ലെങ്കിൽ നാം കൂടുതൽ കുടുതൽ മൂലയിലേക്ക് തള്ളപ്പെടും. കാരണം നമുക്കു ചുറ്റുമുള്ളവർ അതിവേഗമാണ് വളരുന്നത്. അവരോട് അസൂയപ്പെട്ടിട്ട് കാര്യമില്ല.
ജീവിതത്തിലെ വെല്ലുവിളികളെ നേരിടാൻ കഴിവില്ലാത്തവർ വിജയിച്ച ചരിത്രമില്ല.
ശുഭാശംസകളോടെ
വക്കം ജീ ശ്രീകുമാർ